മതവിമര്‍ശനം നടത്തിയെന്നാരോപണം; ഇസ്‌ലാമിക നിയമപ്രകാരം ജയിലില്‍ കഴിയുന്ന മലയാളിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മകള്‍
Kerala News
മതവിമര്‍ശനം നടത്തിയെന്നാരോപണം; ഇസ്‌ലാമിക നിയമപ്രകാരം ജയിലില്‍ കഴിയുന്ന മലയാളിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th September 2021, 10:14 pm

കൊച്ചി: മതവിമര്‍ശനം നടത്തിയെന്നാരോപിച്ച് ദുബായില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ ഖാദര്‍ പുതിയങ്ങാടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മകള്‍. കേരള യുക്തിവാദി സംഘം, നോണ്‍ റിലീജ്യസ് സിറ്റിസണ്‍സ്, എക്‌സ് മുസ്‌ലിംസ് ഓഫ് കേരള തുടങ്ങിയ സംഘടനകളാണ് അബ്ദുള്‍ ഖാദറിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്.

കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതന്റെ നേതൃത്വത്തില്‍ അബ്ദുള്‍ ഖാദറിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളടക്കം തര്‍ജ്ജമ ചെയ്ത് യു.എ.ഇലേക്ക് അയച്ചുകെടുക്കുകയായിരുന്നെന്നും യു.എ.ഇ പൊലീസ് 2 തവണ തള്ളിയ സാഹചര്യത്തില്‍ പ്രത്യേക സമ്മര്‍ദം ചെലുത്തിയാണ് കേസെടുപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് അബ്ദുള്‍ ഖാദര്‍ ഇസ്‌ലാമിക രീതിയിലുള്ള വിചാരണകള്‍ നേരിട്ടെന്നും ഇസ്‌ലാമിക കോടതി 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചെന്നും സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു.

മതപുസ്തകങ്ങളിലെ കാര്യങ്ങള്‍ മലയാളത്തില്‍ പറയുകയാണ് അബ്ദുള്‍ ഖാദര്‍ ചെയ്തിട്ടുള്ളതെന്നും സ്വയം വ്യാഖ്യാനങ്ങള്‍ നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കില്ലെന്ന് ഇന്ത്യന്‍ ഭരണഘടന ഉറപ്പു വരുത്തുണ്ടെന്നും അബ്ദുള്‍ ഖാദര്‍ പുതിയങ്ങാടിയെ രക്ഷിക്കാനാവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരോടും മനുഷ്യാവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കുന്നവരും അബ്ദുള്‍ ഖാദറിന്റെ മോചനത്തിനായി മുന്നോട്ട് വരണെന്നും പൊതുസമൂഹം ഇതാനായി ഒപ്പം നില്‍ക്കണമെന്നും അവര്‍ പറഞ്ഞു.

കേരള യുക്തി വാദി സംഘത്തിനായി അഡ്വ. കെ. എന്‍ അനില്‍ കുമാര്‍, ശൂരനാട് ഗോപന്‍ എന്നിവരും എക്‌സ് മുസ്‌ലിംസ് ഓഫ് കേരളയ്ക്ക് വേണ്ടി സി. എം. ഇയാഖത് അലിയും നോണ്‍ റിലീജ്യസ് സിറ്റീസണ്‍സിനായി ആരിഫ് ഹുസൈന്‍ തിരുവോത്തുമാണ് പത്ര സമ്മേളനത്തില്‍ പങ്കെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Accused of religious criticism: Free Thinkers demand release of Malayali