തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; കറി ആന്റ് സയനൈഡ് നിര്‍ത്തിവെക്കാന്‍ ഹരജി നല്‍കി കൂടത്തായ് കേസിലെ പ്രതി
Kerala News
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; കറി ആന്റ് സയനൈഡ് നിര്‍ത്തിവെക്കാന്‍ ഹരജി നല്‍കി കൂടത്തായ് കേസിലെ പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th January 2024, 9:50 am

കോഴിക്കോട്: കൂടത്തായ് കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോം നെറ്റ് ഫ്‌ലിക്‌സ്, ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഒരു ടി.വി ചാനല്‍ എന്നിവക്കെതിരെ കൂടത്തായ് കേസിലെ പ്രതിയുടെ ഹരജി.

നെറ്റ്ഫ്‌ലിക്‌സിലെ കേസുമായി ബന്ധപ്പെട്ട ഡോക്യമെന്ററി കറി ആന്റ് സയനൈഡ്; ദി ജോളി ജോസഫ് കേസ് ഉള്‍പ്പടെ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യുവാണ് മാറാട് പ്രത്യേക കോടതിയില്‍ ഹരജി നല്‍കിയിട്ടുള്ളത്.

2022 ഡിസംബര്‍ 22ന് നെറ്റ്ഫ്‌ലിക്‌സില്‍ കൂടത്തായ് കേസിനെ ആസ്പദമാക്കിയുള്ള ഡോക്യമെന്ററി കറി ആന്റ് സയനൈഡ്; ദി ജോളി ജോസഫ് കേസ് റിലീസ് ചെയ്തത്‌. ഡോക്യുമെന്ററി വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്യമെന്ററിയുടെ സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാള്‍ ഇപ്പോള്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലില്‍ ഈ കേസുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ നിര്‍ത്തിവെക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സീരിയലും നെറ്റ്ഫ്‌ലിക്‌സിലെ ഡോക്യുമെന്ററിയുമായും ബന്ധപ്പെട്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അവയും പിന്‍വലിക്കണമെന്നും ഹരജിയിലുണ്ട്. ഹരജി ഇന്ന് വീണ്ടും പരിഗണിക്കും.

അതേസമയം ശാരീരിക അവശതയുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേസിലെ പ്രധാന പ്രതി ജോളിജോസഫ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

content highlights: Accused in Koodathai case filed petition to stop curry and cyanide