കടുംവെട്ട് വെട്ടാന്‍ പാകിസ്ഥാന്‍; എടുക്കുന്നത് ഏറ്റവും വിലയ റിസ്‌ക്; റിപ്പോര്‍ട്ട്
Cricket
കടുംവെട്ട് വെട്ടാന്‍ പാകിസ്ഥാന്‍; എടുക്കുന്നത് ഏറ്റവും വിലയ റിസ്‌ക്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th September 2023, 11:17 am

ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിൽ സ്പിന്നർ ഷദാബ് ഖാന് ഇടം നേടാൻ സാധിക്കില്ലെന്ന് റിപ്പോർട്ടുകൾ.

ഏഷ്യാ കപ്പിൽ പ്രതീക്ഷിക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതാണ് ഷദാബിന് തിരിച്ചടിയായത്. ആറ് വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ നാല് വിക്കറ്റുകൾ നേടിയ ഷദാബിന് പിന്നീടുള്ള മത്സരങ്ങളിൽ ഒന്നും തന്നെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരെയും ശ്രീലങ്കക്കെതിരെയും ആണ് താരം ബാക്കിയുള്ള വിക്കറ്റുകൾ നേടിയത്.

പാകിസ്ഥാനുവേണ്ടി 64 ഏകദിന മത്സരങ്ങളിൽ നിന്നും 83 വിക്കറ്റുകൾ താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

 

പാക് ക്രിക്കറ്റ്‌ ബോർഡിന്റെ ചർച്ചയിൽ ചീഫ് സെലക്ടർമാരും ക്യാപ്റ്റനും ചില പ്രധാന താരങ്ങളുടെ ഫിറ്റ്നസിനെ കുറിച്ചും മോശം ഫോമിനെക്കുറിച്ചും ചർച്ച നടത്തിയെന്ന് ജിയോ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു.

ഷദാബ് ഖാന് പകരം അബ്രാർ അഹമ്മദ് ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ്‌ പരമ്പരയിലാണ് അബ്രാർ അഹമ്മദ് എന്ന ലെഗ്‌ സ്പിന്നർ ശ്രദ്ധനേടുന്നത്. ആറ് ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നും 38 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.

12 ലിസ്റ്റ് എ മത്സരങ്ങൾ കളിച്ച താരം 17 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 25.70 ശരാശരിയിൽ 4.55 എക്കോണമി ആണ് അബ്രാറിനുള്ളത്. താരം ഇതിനുമുമ്പ് വൈറ്റ് ബോൾ ക്രിക്കറ്റ്‌ മത്സരങ്ങൾ കളിച്ചിട്ടില്ല.

ഏകദിന ഫോർമാറ്റിലും ഈ ഫോം പുറത്തെടുക്കാനാവുമെന്ന് സെലെക്ടർമാർ പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 28 നാണ് ലോകകപ്പ്‌ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ആരൊക്കെ ടീമിലുണ്ടാവും ആരൊക്കെ പുറത്തു പോവും എന്ന ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Content Highlight: According to reports, spinner Shadab Khan will not be included in Pakistan’s World Cup squad.