വാഷിങ്ടണ്‍: ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ പെയിന്റിങ് ലേലത്തില്‍ വിറ്റത് 118 കോടിക്കെന്ന് റിപ്പോര്‍ട്ട്. ‘ഗാം യാത്ര’ പെയിന്റിങ്ങാണ് 118 കോടി (13.8 മില്യണ്‍ ഡോളര്‍)ക്ക് വിറ്റുപോയത്.
സ്വതന്ത്ര ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പകര്‍ത്തിയ എം.എഫ്. ഹുസൈന്റെ പെയിന്റിങ് ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ കിരണ്‍ നാടാറാണ് സ്വന്തമാക്കിയത്. ഇത്തരത്തിലുള്ള കലാസൃഷ്ടികളുടെ സംരക്ഷകയും എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ സ്ഥാപനകനായ ശിവ് നാടറിന്റെ പങ്കാളിയാണ് കിരണ്‍ നാടാര്‍.
ബോംബെ പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ്‌സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു എം.എഫ്. ഹുസൈന്‍. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
പിന്നീട് വലതുപക്ഷ-സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ നിരന്തമായ ഭീഷണികളെ തുടര്‍ന്ന് അദ്ദേഹം പ്രവാസ ജീവിതം സ്വയമേവ ഏറ്റെടുത്തു. 2010ല്‍ ഖത്തര്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു.
ഹുസൈന്റെ ഗാം യാത്ര ഒറ്റ കാന്‍വാസില്‍ 13 ലേയറുകളിലായി തയ്യാറാക്കിയിരിക്കുന്ന പെയിന്റിങ്ങാണ്. 61.8 കോടിക്ക് 2023ല്‍ വിറ്റുപോയ അമൃത ഷേര്‍ഗല്ലിന്റെ ‘ദി സ്റ്റോറി ടെല്ലര്‍’ എന്ന പെയിന്റിങ്ങിന്റെ റെക്കോര്‍ഡ് മറികടന്നാണ് ഗാം യാത്ര ലേലത്തില്‍ വിറ്റുപോയത്.
ഡോ. വോളോഡാര്‍സ്‌കി ഓസ്ലോ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതരില്‍ നിന്നാണ് നാടാര്‍ ട്രസ്റ്റ് ഈ പെയിന്റിങ് സ്വന്തമാക്കിയത്. ലേലത്തില്‍ ലഭിച്ച തുക പുതിയ മെഡിക്കല്‍ പരിശീലന കേന്ദ്രം നിര്‍മിക്കുന്നതിനായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ എം.എഫ് ഹുസൈന്റെ മറ്റൊരു പെയിന്റിങ് 25.7 (3.1 മില്യണ്‍ ഡോളര്‍) കോടിക്ക് വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ഒരു ലേലത്തിലാണ് ഇത് വിറ്റുപോയത്. ‘അണ്‍ടൈറ്റില്‍ഡ്’ (റീ ഇന്‍കാര്‍നേഷന്‍) എന്ന ചിത്രമാണ് ലണ്ടനിലെ ലേലത്തില്‍ പോയത്.
അതേസമയം 2018ല്‍ രണ്ട് കോടിക്ക് വാങ്ങിയ തയ്ബ് മേത്തയുടെ ഒരു ചിത്രത്തിന് ഇപ്പോള്‍ ഏകദേശം 3.22 കോടി വിലമതിപ്പുണ്ട്. അതായത് 61 ശതമാനത്തിന്റെ വര്‍ധനവ്. കൂടാതെ 2018ല്‍ 50 ലക്ഷത്തിന് വിറ്റുപോയ അനീഷ് കപൂറിന്റെ ഒരു പെയിന്റിങ്ങിന് ഇപ്പോള്‍ ഒരു കോടിയിലധികം രൂപയുടെ മൂല്യമുണ്ട്.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. ഇതിനുപുറമെ 2018ല്‍ 70 ലക്ഷത്തിന് ലേലത്തില്‍ പോയ എസ്.എച്ച്. റാസയുടെ ഒരു പെയിന്റിങ്ങിന്റെ ഇപ്പോഴത്തെ മൂല്യം എന്നത് 1.17 കോടിയാണ്. ഇത്തരത്തില്‍ കലാസൃഷ്ടികളുടെ വിപണികളില്‍ ഇന്ത്യന്‍ കലാകാരന്മാരുടെ നിര്‍മിതികള്‍ക്ക് വലിയ മൂല്യമാണ് ലഭിക്കുന്നത്.
Content Highlight: M.F. Husain’s painting sold for Rs 118 crore at New York auction