കണ്ണൂർ: സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി കണ്ണൂര്‍ ജില്ല പഞ്ചായത്ത് മൂന്‍ പ്രസിഡന്റ് പി.പി. ദിവ്യ. തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് സ്വദേശി കുന്നത്തുള്ളി വീട്ടില്‍ വിമല്‍ എന്നയാള്‍ക്കെതിരെയാണ് ദിവ്യ പരാതി നല്‍കിയിരിക്കുന്നത്. ഹണി റോസിന് ലഭിച്ച നീതി ഇത്തരം അതിക്രമങ്ങള്‍ നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും ലഭിക്കട്ടെ എന്നും പരാതി സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പി.പി. ദിവ്യ പറഞ്ഞു.
‘നിന്റെ സ്വന്തം മകളെ റേപ്പ് ചെയ്ത് കൊല്ലണം’ എന്നായിരുന്നു വിമല്‍ എന്ന വ്യക്തി പി.പി. ദിവ്യയുടെ പോസ്റ്റില്‍ കമന്റ് ചെയ്തത്. ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ദിവ്യ പരാതി നല്‍കിയിരിക്കുന്നത്. ഇയാളുടെ വിലാസവും ഫോണ്‍നമ്പറും ഉള്‍പ്പടെ ദിവ്യ ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തി.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്നും സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനണെന്നും ദിവ്യ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നും അവർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാനല്ല ഒരിടമായി സോഷ്യൽ മീഡിയ മാറുന്നുവെന്നും ദിവ്യ പറഞ്ഞു.
‘സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്. സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്.
അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നത്. അശ്ലീല കഥകളുണ്ടാക്കി ഓൺലൈൻ ചാനൽ വഴി പണമുണ്ടാക്കുന്ന കുറെയെണ്ണം വേറെ വയറ്റ് പിഴപ്പിന് എന്തൊക്കെ മാർഗ്ഗമുണ്ട്. അന്തസ്സുള്ള വല്ല പണിക്കും പോയി മക്കൾളുടെ വയറു നിറക്ക്. ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ,’ പി.പി. ദിവ്യ പോസ്റ്റിൽ കുറിച്ചു.
മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ദിവ്യ ഇട്ട പോസ്റ്റിന് കീഴിലാണ് ഇത്തരം അശ്ലീല കമന്റുകൾ വന്നത്. ‘നിന്റെ മകളെ റേപ്പ് ചെയ്യണം’ ‘ഇവളും ആത്മഹത്യ ചെയ്യും’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കീഴിൽ വന്നത്. അതിൽ ഏറ്റവും മോശം കമന്റ്റ് ഇട്ടത് വിമൽ എന്ന വ്യക്തിയാണ്. ഇയാൾക്കെതിരെ പരാതി നൽകിയതായി പി.പി. ദിവ്യ അറിയിച്ചു.