നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന മഹാവീര്യർ റിലീസാവുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈൻ ആണ്. എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് മഹാവീര്യർ.
തികച്ചും വ്യത്യസ്തമായ വേഷമാണ് നിവിൻ ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഒരു സന്യാസിയുടെ റോളിലാണ് നിവിന്റെ വരവ്. ഫാന്റസി ടൈം ട്രാവല്‍ ജോണറിലാണ് ചിത്രം സഞ്ചരിക്കുന്നത്.
ഫാന്റസി മൂഡിൽ മുന്നോട്ട് പോകുന്ന ഈ ചിത്രത്തിൽ വി.എഫ്.എക്സ് ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയത്തിന് മറുപടി നൽകിയിരിക്കുകയാണ് എബ്രിഡ് ഷൈൻ. പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാന്റസി സിനിമയാണെന്ന് കരുതി ഇതിൽ വി.എഫ്.എക്സ് ഒന്നും ചെയ്തിട്ടില്ലെന്നും നാല്പത്തഞ്ച് മിനുട്ടിന്റെ ഒരു ഫൺ സീക്വൻസിൽ മാത്രമാണ് ഉപയോഗിച്ചതെന്നുമാണ് എബ്രിഡ് പറഞ്ഞത്.
‘ഫാന്റസി സിനിമയാണെന്ന് കരുതി ഇതിൽ വി.എഫ്.എക്സ് ഒന്നും ചെയ്തിട്ടില്ല. നാൽപത്തഞ്ച് മിനുട്ടിന്റെ ഒരു ഫൺ സീക്വൻസിൽ മാത്രമാണ് ഉപയോഗിച്ചത്. ചിത്രത്തിൽ വരുന്ന എല്ലാ പിരീയഡുകളും റിയലായി തന്നെയാണ് ഷൂട്ട് ചെയ്തത്. അതിലൊന്നും തന്നെ വി എഫ് എക്സ് ഇല്ല.
നമ്മൾ ഒറിജിനൽ ലൊക്കേഷനിൽ പോയി റിയലായി ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. വി.എഫ്.എക്സോ വേറെ ഒരു ലോകമോ ഒന്നും തന്നെ ക്രിയേറ്റ് ചെയ്തിട്ടില്ല,’ എബ്രിഡ് ഷൈൻ പറഞ്ഞു.
വലിയ ഒരിടവേളക്ക് ശേഷം നിവിന്റെ തിയേറ്ററിലിറങ്ങുന്ന ചിത്രമാണ് മഹാവീര്യർ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹവും അണിയറപ്രവർത്തകരും. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Abrid Shine’s reply for the question is there VFX in Mahaveeryar