ന്യൂദല്‍ഹി: എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ ഭരണം പ്രവചിച്ച് എ.ബി.പി സി വോട്ടര്‍ അഭിപ്രായ സര്‍വേ. കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 85 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വേ യു.ഡി.എഫ് 53 സീറ്റുകള്‍ വരെ നേടുമെന്നുമാണ് പറയുന്നത്. ബി.ജെ.പി ഒരു സീറ്റ് നേടുമെന്നുമാണ് പ്രവചനം.
വോട്ട് വിഹിതത്തില്‍ യു.ഡി.എഫിനെക്കാളും ഏഴുശതമാനം മുന്നിലാണ് എല്‍.ഡി.എഫ് എന്നും സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 41.6 ശതമാനവും യു.ഡി.എഫിന് 34.6 ശതമാനവും വോട്ടു വിഹിതമാണ് പ്രവചിച്ചിരിക്കുന്നത്.
സ്വതന്ത്ര പാര്‍ട്ടികള്‍ക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് അഭിപ്രായ സര്‍വേയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തവണ 2.8 ശതമാനം വോട്ട് ലഭിച്ചിരുന്ന സ്വതന്ത്ര പാര്‍ട്ടികള്‍ 8.5 ശതമാനത്തോളം വോട്ട് നേടുമെന്നും അഭിപ്രായ സര്‍വേയില്‍ പറയുന്നു. 2016ല്‍ 14.9 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 15.3 ശതമാനം വോട്ടുകളുമാണ് പ്രവചിച്ചിരിക്കുന്നത്.
ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വേപറയുന്നത്. അതേസമയം യു.ഡി.എഫിന്റെ ഹിന്ദു വോട്ടുകള്‍ ചോരുമെന്നുമാണ് പറയുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചത് പിണറായി വിജയനാണെന്ന് 46.7 ശതമാനം പേരും പറയുമ്പോള്‍ 22.3 ശതമാനം പേര്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പമുള്ളത്.
6.1 ശതമാനം പേര്‍ കെ. കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാമെന്ന് അഭിപ്രായപ്പെടുമ്പോള്‍ 4.1 ശതമാനം പേര്‍ മാത്രമാണ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്നതിനെ അംഗീകരക്കുന്നത്. ആകെയുള്ള 140 നിയോജക മണ്ഡലങ്ങളിലായി 91 സീറ്റുകള്‍ നേടിയാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് അധികാരത്തിലെത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക