ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 100 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ ടോട്ടലാണ് സിംബാബ്വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭമന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ബ്ലെസ്സിങ് മുസാരബാനിയുടെ പന്തില്‍ ബ്രെയാന്‍ ബെന്നറ്റിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. നാല് പന്തില്‍ രണ്ട് റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.
എന്നാല്‍ പിന്നീട് അഭിഷേക് ശര്‍മയും ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു. അഭിഷേക് സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധസെഞ്ച്വറി നേടി.
47 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു അഭിഷേകിന്റെ മിന്നും പ്രകടനം. 212.77 സ്ട്രൈക്ക് റേറ്റില്‍ എട്ട് സിക്സുകളും ഏഴ് ഫോറുകളുമാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ നാല് പന്തില്‍ പൂജ്യം റണ്‍സ് നേടി മടങ്ങിയ താരം സെഞ്ച്വറിയിലൂടെ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
ഇതോടെ ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി മാറാനും അഭിഷേകിന് സാധിച്ചിരുന്നു. 46 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി നേട്ടത്തിലെത്തിയത്.
ഇതിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടവും അഭിഷേക് സ്വന്തമാക്കി. 2024ല്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമായി മാറാനാണ് അഭിഷേകിന് സാധിച്ചത്. 50 സിക്‌സുകളാണ് താരം ഈ വര്‍ഷം നേടിയത്. ഇതോടെ 2024ല്‍ 46 സിക്‌സുകള്‍ നേടിയ രോഹിത് ശര്‍മയെ മറികടന്നുകൊണ്ട് മുന്നേറാനും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തിന് സാധിച്ചു.
ഈ ഐ.പി.എല്ലില്‍ ഓറഞ്ച് ആര്‍മിക്ക് വേണ്ടി മിന്നും പ്രകടനമായിരുന്നു അഭിഷേക് നടത്തിയത്. 16 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 484 റണ്‍സാണ് അഭിഷേക് നേടിയത്. 32.37 ആവറേജിലും 204.22 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
ഗെയ്ക്വാദ് 47 പന്തില്‍ പുറത്താവാതെ 77 റണ്‍സും നേടി. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. രണ്ട് ഫോറുകളും അഞ്ച് സിക്സുകളും ഉള്‍പ്പെടെ 22 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ റിങ്കു സിങ്ങും നിര്‍ണായകമായി.
ഇന്ത്യന്‍ ബൗളിങ്ങില്‍ ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും രവി ബിഷ്ണോയ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സിംബാബ്വെ തകര്‍ന്നടിയുകയായിരുന്നു.
ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബാണ് വേദി.
Content Highlight: Abhishek Sharma Great Record in T20