എ.ബി.ഡി തിരിച്ചുവരുന്നു? ആര്‍.സി.ബി ഫാന്‍സിന് ആഘോഷം
Sports News
എ.ബി.ഡി തിരിച്ചുവരുന്നു? ആര്‍.സി.ബി ഫാന്‍സിന് ആഘോഷം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th August 2023, 4:08 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് എ.ബി.ഡിവില്ലേഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന എ.ബി.ഡിക്ക് ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകരുണ്ടായിരുന്നു. വിരാട് കോഹ്‌ലി കഴിഞ്ഞാല്‍ ആര്‍.സി.ബിയുടെ ഏറ്റവും വലിയ സ്റ്റാറുകളില്‍ ഒരാളാണ് എ.ബി.ഡി.

2021ലായിരുന്നു അദ്ദേഹം ആര്‍.സി.ബിയില്‍ നിന്നും വിരമിച്ചത്. പിന്നീട് അടുത്ത രണ്ട് സീസണിലും അദ്ദേഹം തിരിച്ചുവരുമെന്നും ടീമിന്റെ മെന്ററാകുമെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. അത്തരത്തിലുള്ള വാര്‍ത്തകളോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ എ.ബി.ഡി തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോച്ചിങ് സ്ഥാനത്ത് നിന്നും മൈക്ക് ഹെസണയും സഞ്ജയ് ബങ്കാറിനെയും ആര്‍.സി.ബി അടുത്തിടെ മാറ്റിയിരുന്നു. പിന്നാലെ ആന്‍ഡി ഫ്‌ളവറിനെ ആര്‍.സി.ബി ഹെഡ് കോച്ചായി നിയമിച്ചു. ആര്‍.സി.ബിയുടെ മെന്റര്‍ സ്ഥാനത്തേക്കാണ് അദ്ദേഹം വരുന്നതെന്നാണ് ക്രിക്ബസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആന്‍ഡി ഫ്‌ളവര്‍ കഴിഞ്ഞ രണ്ട് വര്‍ഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കരാര്‍ ലഖ്‌നൗ പുതുക്കിയില്ല, കൂടാതെ ഓസ്ട്രേലിയയുടെ മുന്‍ ഓപ്പണര്‍ ജസ്റ്റിന്‍ ലാങ്കറിനെ പകരക്കാരനായി കൊണ്ടുവന്നു. സഞ്ജയ് ബങ്കാറിന്റെ വിടവാങ്ങലിന് ശേഷം, ഐ.പി.എല്‍ 2024ലേക്ക് ആര്‍.സി.ബി ഫ്‌ളവറിനെ നിയമിച്ചു.

2011ലാണ് എ.ബി.ഡി ആര്‍.സി.ബിക്കായി അരങ്ങേറിയത്. ദല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നുമായിരുന്നു അദ്ദേഹം ആര്‍.സി.ബിയിലേക്കെത്തിയത്. പിന്നീടുള്ള സീസണുകളിലെല്ലാം ആര്‍.സി.ബിയുടെ നെടുതൂണാകാന്‍ എ.ബി.ഡിക്ക് സാധിച്ചിരുന്നു. രണ്ട് ഫൈനലുകളില്‍ അദ്ദേഹം ആര്‍.സി.ബിക്കായി കളിച്ചെങ്കിലും ട്രോഫി നേടാന്‍ സാധിച്ചില്ല.

ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കും ദല്‍ഹിക്കുമായി 184 മത്സരത്തില്‍ നിന്നും 5162 അദ്ദേഹം അടിച്ചുക്കൂട്ടിയിട്ടുണ്ട്. 40 അര്‍ധസെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഐ.പി.എല്ലില്‍ അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Content Highlight: Abd Might Return to RCB as Mentor of the team