'എനിക്ക് ഈ ഒറ്റക്കണ്ണും വെച്ച് ഇനി ഒരിക്കലും ബാറ്റ് പിടിക്കാനാകില്ല'; വേദനിപ്പിച്ച് എ.ബി.ഡിയുടെ വാക്കുകള്‍; ഒപ്പം ബെംഗളൂരുവിന് ഒരു ആശ്വാസവും
Sports
'എനിക്ക് ഈ ഒറ്റക്കണ്ണും വെച്ച് ഇനി ഒരിക്കലും ബാറ്റ് പിടിക്കാനാകില്ല'; വേദനിപ്പിച്ച് എ.ബി.ഡിയുടെ വാക്കുകള്‍; ഒപ്പം ബെംഗളൂരുവിന് ഒരു ആശ്വാസവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th October 2022, 12:45 pm

360 ഡിഗ്രി ബാറ്റിങ്ങിലൂടെ ലോകത്തെ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയം കവര്‍ന്ന എ.ബി.ഡിവില്ലിയേഴ്‌സ് വിരമിച്ചത് ഏറെ വേദനയോടെയായിരുന്നു ആരാധകര്‍ കേട്ടത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു തികച്ചും അപ്രതീക്ഷിതമായി താന്‍ വിരമിക്കുകയാണെന്ന് ഡിവില്ലിയേഴ്‌സ് പ്രഖ്യാപിച്ചത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് തന്റെ മുപ്പത്തിയേഴാം വയസില്‍ താരം പ്രഖ്യാപിച്ചപ്പോള്‍ കരഞ്ഞത് ബെംഗളൂരു ഫാന്‍സ് കൂടിയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന് വേണ്ടി എത്ര മനോഹരമായാണോ എ.ബി.ഡി തന്റെ ബാറ്റ് വീശിയത് അത്രത്തോളം തന്നെ സുന്ദരമായിരുന്നു മിസ്റ്റര്‍ 360യുടെ ഐ.പി.എല്‍ കരിയറും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഏറ്റവും കരുത്തനായ ബാറ്റര്‍മാരിലൊരാളായിരുന്നു എ.ബി.ഡി. 2011 മുതല്‍ 2021 വരെ നീണ്ട ഐ.പി.എല്‍ കരിയറില്‍ ആര്‍.സി.ബിക്ക് വേണ്ടി ഏറ്റവും റണ്‍സ് നേടിയ രണ്ടാമത്തെ താരവും അദ്ദേഹമാണ്.

157 മത്സരങ്ങളില്‍ നിന്നായി 4522 റണ്‍സാണ് എ.ബി.ഡി അടിച്ചുകൂട്ടിയത്. അതില്‍ 2 അതിവേഗ സെഞ്ച്വറികളും 37 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നുണ്ട്. 158.33 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു അന്ന് എ.ബി.ഡിയുടെ പെര്‍ഫോമന്‍സ്. ക്രിസ് ഗെയ്‌ലിനോടൊപ്പം ആര്‍.സി.ബിയുടെ ഹാള്‍ ഓഫ് ഫേമിലും അദ്ദേഹം ഇടംനേടിയിരുന്നു.

2021ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ചോദ്യങ്ങളും തിരിച്ചുവരവിനായുള്ള അഭ്യര്‍ത്ഥനകളുമായി ആര്‍.സി.ബി ഫാന്‍സ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഈ ഫാന്‍സിന് മറുപടി നല്‍കിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്.

ഒരേസമയം സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.

‘ഞാന്‍ അടുത്ത വര്‍ഷം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വരും. പക്ഷെ ക്രിക്കറ്റ് കളിക്കാനായിരിക്കുകയില്ല. എന്റെ വലത് കണ്ണില്‍ സര്‍ജറി കഴിഞ്ഞതിനാല്‍ ഇനിയൊരിക്കലും എനിക്ക് ക്രിക്കറ്റ് കളിക്കാനാകില്ല.

ഇത്രയും നാളായിട്ടും ഐ.പി.എല്‍ കിരീടം നേടിത്തരാന്‍ കഴിയാത്തതില്‍ നിങ്ങള്‍ എന്നോട് പൊറുക്കണം. കഴിഞ്ഞ ഒരു ദശാബ്ദ കാലം നിങ്ങള്‍ക്ക് എനിക്ക് നല്‍കിയ പിന്തുണക്ക് ഒരുപാട് നന്ദിയുണ്ട്,’ എ.ബി.ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അതേസമയം ആര്‍.സി.ബിയില്‍ കളിക്കില്ലെങ്കിലും സ്റ്റാഫായി എ.ബി.ഡിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താരത്തിന് അപ്രതീക്ഷിതമായി കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും മികച്ച ഒരു കളിക്കാരന്റെ അനുഭവസമ്പത്ത് ടീമിന് വേണ്ടി ഉപയോഗപ്പെടുത്താനാണ് ബെംഗളൂരു മാനേജ്‌മെന്റിന്റെ ശ്രമം.

അതേസമയം കോച്ചാകുന്നതൊന്നും ഇപ്പോള്‍ ആലോചനയിലില്ലെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. കണ്ണിലെ സര്‍ജറി കഴിഞ്ഞിരിക്കുന്നതിനാല്‍ ലെജന്‍ഡ്‌സ് ലീഗില്‍ കളിക്കാനുള്ള അവസരവും തനിക്ക് ഉപേക്ഷിക്കേണ്ടി വന്നുവെന്നും എ.ബി.ഡി കൂട്ടിച്ചേര്‍ത്തു.

‘ഒരു ടീമിനെ കോച്ച് ചെയ്യാനൊന്നും ഇപ്പോള്‍ എനിക്ക് പ്ലാനില്ല. ഞാന്‍ പഠിച്ചതൊക്കെ പങ്കുവെക്കാന്‍ താല്‍പര്യമുണ്ട്. പക്ഷെ ഒരു ടീമിന്റെ കോച്ചായി ജോയിന്‍ ചെയ്യാനോ അവര്‍ക്ക് പരിശീലനം നല്‍കാനോ അവരോടൊപ്പം ലോകം ചുറ്റിക്കാണാനോ ഇപ്പോള്‍ എനിക്കാകില്ല. 18 വര്‍ഷം കറങ്ങി നടന്നശേഷം ഇപ്പോള്‍ വീട്ടിലിരിക്കാന്‍ കിട്ടിയ സമയം അങ്ങനെ ചെലവഴിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്.

പിന്നെ എനിക്കിപ്പൊ കുറെ പ്രായമായി. ലെജന്‍ഡ്‌സ് ലീഗ് നല്ല രസമുള്ള പരിപാടിയാണ്. എന്നെ വിളിച്ചിട്ടുമുണ്ടായിരുന്നു. പക്ഷെ എന്റെ കണ്ണില്‍ സര്‍ജറി കഴിഞ്ഞിരിക്കുകയാണ്. എനിക്ക് ഒറ്റക്കണ്ണും വെച്ച് കളിക്കാനാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. പക്ഷെ ഞാനത് ചെയ്യാന്‍ നില്‍ക്കുന്നില്ല,’ എ.ബി.ഡി പറഞ്ഞു.

ഡിവില്ലിയേഴ്‌സിന് ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കാനാകില്ലെന്ന സത്യത്തെ ആരാധകര്‍ വേദനയോടെയാണ് മനസിലാക്കുന്നത്. അതേസമയം തങ്ങളെ കാണാനായി താരം ബെംഗളൂരിലേക്ക് വരുമെന്നത് ഇവരെ സന്തോഷിപ്പിക്കുന്നുണ്ട്. ആര്‍.സി.ബിയില്‍ പരിശീലകനായി എത്താനുള്ള സാധ്യതയെയും ഇവര്‍ തള്ളിക്കളയുന്നില്ല.

Content Highlight:  AB de Villiers about Right Eye Surgery and his coming back to RCB