ഇന്ത്യയില്‍ പിറന്ന അതേ മോശം റെക്കോഡ് ഓസീസിലും; കരിയറിലെ സുപ്രധാന നേട്ടം പിറന്നപ്പോള്‍ ഒപ്പം നാണക്കേടും
Sports News
ഇന്ത്യയില്‍ പിറന്ന അതേ മോശം റെക്കോഡ് ഓസീസിലും; കരിയറിലെ സുപ്രധാന നേട്ടം പിറന്നപ്പോള്‍ ഒപ്പം നാണക്കേടും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th November 2023, 9:38 am

 

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20 അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയാണ് ഓസീസ് സീരീസ് നഷ്ടപ്പെടുത്താതെ കാത്തത്. അഞ്ച് വിക്കറ്റിനാണ് സന്ദര്‍ശകര്‍ വിജയിച്ചത്.

ബാറ്റര്‍മാരുടെ മത്സരമായിരുന്നു ആരാധകര്‍ ബര്‍സാപരയില്‍ കണ്ടത്. ഇരു ടീമുകളും 20 ഓവറും കളിച്ചുപൂര്‍ത്തിയാക്കിയപ്പോള്‍ 447 റണ്‍സാണ് മൂന്നാം ടി-20യില്‍ പിറന്നത്.

ഓസ്‌ട്രേലിയക്കായി ഗ്ലെന്‍ മാക്‌സ്‌വെല്‍ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യക്കായി സെഞ്ച്വറിയടിച്ചത് ഋതുരാജ് ഗെയ്ക്വാദായിരുന്നു. 57 പന്തില്‍ നിന്നും പുറത്താകാതെ 123 റണ്‍സാണ് താരം നേടിയത്. ടി-20യില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടവും ഇതോടെ ഗെയ്ക്വാദ് സ്വന്തമാക്കി.

 

ഓസീസ് നിരയില്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് ഒഴികെ എല്ലാ ബൗളര്‍മാരും റണ്‍സ് വഴങ്ങിയിരുന്നു. ഒരു മെയ്ഡന്‍ നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 12 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.

എന്നാല്‍ ആരോണ്‍ ഹാര്‍ഡിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും റണ്‍സ് വഴങ്ങാന്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗത്തില്‍ ചലിച്ചു.

ഒരു ഓവറില്‍ 30 റണ്‍സാണ് മാക്‌സ്‌വെല്‍ വഴങ്ങിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവര്‍ പന്തെറിയാനെത്തിയ മാക്‌സ്‌വെല്ലിനെ സിക്‌സറിനും ബൗണ്ടറിക്കും പറത്തിയാണ് ഗെയ്ക്വാദ് റണ്ണടിച്ചുകൂട്ടിയത്.

ആരോണ്‍ ഹാര്‍ഡി നാല് ഓവറില്‍ 64 റണ്‍സ് വഴങ്ങിയപ്പോള്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്ന് ഓവറില്‍ 34 റണ്‍സും തന്‍വീര്‍ സാംഘ നാല് ഓവറില്‍ 42 റണ്‍സും വഴങ്ങി.

ഈ പ്രകടനത്തിന് പിന്നാലെ ഒരു മോശം റെക്കോഡും ആരോണ്‍ ഹാര്‍ഡിയെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ഓസീസ് ബൗളര്‍ എന്ന അനാവശ് റെക്കോഡാണ് ഈ യുവതാരം തന്റെ പേരില്‍ കുറിച്ചത്.

ഒരു ടി-20 മാച്ചില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഓസീസ് ബൗളര്‍

(താരം – വഴങ്ങിയ റണ്‍സ് / ബൗളിങ് പ്രകടനം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ആരോണ്‍ ഹാര്‍ഡി – 1/64 – ഇന്ത്യ – 2023

ആന്‍ഡ്രൂ ടൈ – 2/62 – ന്യൂസിലാന്‍ഡ് – 2018

മിച്ചല്‍ സ്റ്റാര്‍ക് – 0/60 – ന്യൂസിലാന്‍ഡ് – 2021

തന്റെ കരിയറിലെ സുപ്രധാന നേട്ടം പിറന്ന മത്സരത്തിലാണ് ആരോണ്‍ ഹാര്‍ഡിക്ക് ഈ മോശം റെക്കോഡ് വഴങ്ങേണ്ടി വന്നത് എന്ന വസ്തുതയും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ടി-20യില്‍ തന്റെ ആദ്യ വിക്കറ്റാണ് ഹാര്‍ഡി ബര്‍സാപരയില്‍ സ്വന്തമാക്കിയത്.

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയാണ് ഹാര്‍ഡി തന്റെ ആദ്യ അന്താരാഷ്ട്ര ടി-20 വിക്കറ്റ് ആഘോഷിച്ചത്.

ആരോണ്‍ ഹാര്‍ഡി നേടിയ മോശം റെക്കോഡിന്റെ കൗണ്ടര്‍പാര്‍ട്ട് ഓസീസ് ഇന്നിങ്‌സിലും പിറന്നിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 68 റണ്‍സ് വഴങ്ങി ഒരു ടി-20 മാച്ചില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന മോശം റെക്കോഡ് പേസര്‍ പ്രസിദ്ധ് കൃഷ്ണയും കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു.

അതേസമയം, ബര്‍സാപരയില്‍ വിജയിച്ചെങ്കിലും പരമ്പരയില്‍ ഓസീസ് ഇപ്പോഴും പിന്നിലാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഓസീസിന് പരമ്പര നേടാന്‍ സാധിക്കൂ. ഡിസംബര്‍ ഒന്നിനാണ് പരമ്പരയിലെ നാലാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Aaron Hardie sets an unwanted record against India