കഴിഞ്ഞ സീസണിലേതുപോലെ ആണെന്ന് കരുതി തലവെച്ചുകൊടുത്താല്‍ ഏത് കൊലകൊമ്പന്റെയും പണി തീരും; സൂക്ഷിക്കേണ്ട താരത്തെ കുറിച്ച് ഫിഞ്ച്
IPL
കഴിഞ്ഞ സീസണിലേതുപോലെ ആണെന്ന് കരുതി തലവെച്ചുകൊടുത്താല്‍ ഏത് കൊലകൊമ്പന്റെയും പണി തീരും; സൂക്ഷിക്കേണ്ട താരത്തെ കുറിച്ച് ഫിഞ്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th March 2023, 9:08 pm

മുന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇത്തവണ കമന്ററി ബോക്‌സില്‍ നിന്നുമാണ് ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. സീസണില്‍ എതിരാളികള്‍ക്ക് മേല്‍ ഏറ്റവുമധികം നാശം വിതക്കാന്‍ പോകുന്ന താരത്തെ കുറിച്ച് സംസാരിക്കുകയാണ് ഫിഞ്ച്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ട്രിനിഡാഡന്‍ താരം നിക്കോളാസ് പൂരനാകും സീസണിലെ എക്‌സ് ഫാക്ടര്‍ എന്നാണ് ഫിഞ്ച് പറയുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കി പൂരനെ വിലയിരുത്തരുതെന്നും ഫിഞ്ച് പറയുന്നു.

‘സീസണില്‍ ലഖ്‌നൗ നിരയില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട താരം നിക്കോളാസ് പൂരനാണ്. അവര്‍ പൂരനെ ടീമിലെത്തിക്കാന്‍ വളരെ വലിയ തുകയാണ് മുടക്കിയത്. കഴിഞ്ഞ സീസണില്‍ അവന്‍ അത്രകണ്ട് മികച്ച പ്രകടനമായിരുന്നില്ല നടത്തിയത്. എന്നാല്‍ അവന് എത്രത്തോളം അപകടകാരിയായി മാറാന്‍ സാധിക്കുമെന്ന് നമുക്ക് അറിവുള്ള കാര്യമാണ്.

വളരെ വലിയ സ്‌ട്രൈക്ക് റേറ്റില്‍ റണ്ണടിച്ചുകൂട്ടാന്‍ അവന് സാധിക്കും. അതു പ്രത്യേകിച്ച് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ. അതുകൊണ്ട് എന്നെ സംബന്ധിച്ച് ഈ സീസണില്‍ എതിരാളികള്‍ സൂക്ഷിക്കേണ്ട താരങ്ങളില്‍ ഒരാള്‍ പൂരന്‍ തന്നെയാണ്,’ ഫിഞ്ച് പറഞ്ഞു.

2022 ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലത്തില്‍ 16 കോടി രൂപക്കാണ് സൂപ്പര്‍ ജയന്റ്‌സ് പൂരനെ എകാനയിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സിന്റെ താരമായിരുന്ന പൂരനെ ടീം നിലനിര്‍ത്താന്‍ താത്പര്യം കാണിച്ചിരുന്നില്ല. തുടര്‍ന്നാണ് പൂരന്‍ ലേലത്തിലൂടെ ലഖ്‌നൗവിലെത്തിയത്.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സിനായി താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു പൂരന്‍. കളിച്ച 14 മത്സരത്തിലെ 13 ഇന്നിങ്‌സില്‍ നിന്നും 38.25 ശരാശരിയിലും 144.34 സ്‌ട്രൈക്ക് റേറ്റിലും 306 റണ്‍സാണ് താരം നേടിയത്. 64 നോട്ട് ഔട്ടാണ് ഉയര്‍ന്ന സ്‌കോര്‍.

തൊട്ടുമുമ്പത്തെ സീസണേക്കാളും വളരെ മികച്ച പ്രകടനമാണ് താരം 2022ല്‍ പുറത്തെടുത്തത്. ആ സീസണില്‍ 11 ഇന്നിങ്‌സില്‍ നിന്നും 7.72 ശരാശയില്‍ 85 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ബാറ്റിങ്ങും ബൗളിങ്ങും വിക്കറ്റ് കീപ്പിങ്ങും ഫീല്‍ഡിങ്ങും ക്യാപ്റ്റന്‍സിയും എല്ലാം ഒരുപോലെ കൈമുതലായുള്ള 5D താരമായ പൂരന്റെ അഡീഷന്‍ എല്‍.എസ്.ജിക്ക് ഐ.പി.എല്ലിന്റെ 16ാം സീസണില്‍ കാര്യമായി തന്നെ ഉപകരിക്കും.

ഏപ്രില്‍ ഒന്നിനാണ് ലഖ്‌നൗവിന്റെ ആദ്യ മത്സരം. ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ദല്‍ഹിയാണ് എതിരാളികള്‍.

 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്‌ക്വാഡ്

ആയുഷ് ബദോനി, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, മനന്‍ വോഹ്‌റ, ഡാനിയല്‍ സാംസ്, ദീപക് ഹൂഡ, കരണ്‍ ശര്‍മ, കൃഷ്ണപ്പ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയ്ന്‍സ്, പ്രേരക് മന്‍കാദ്, സ്വപ്‌നില്‍ സിങ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), അമിത് മിശ്ര, ആവേശ് ഖാന്‍, ജയ്‌ദേവ് ഉനദ്കട്, മാര്‍ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയ്, റൊമാരിയോ ഷെപ്പേര്‍ഡ്, യഷ് താക്കൂര്‍, യുദ്ധ്‌വീര്‍ സിങ്.

 

Content highlight: Aaron Finch about Nicholas Pooran