പഞ്ചാബില്‍ കറുത്ത കുതിരയാവാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭഗവന്ത് മന്‍
ചണ്ഡിഗഢ്: കര്‍ഷക നേതാവായ ബാബിര്‍ സിംഗ് രജ്‌വാളിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ സംയുക്ത സമാജ് മോര്‍ച്ച (എസ്.എസ്.എം)യുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് മന്‍.
എസ്.എസ്എമ്മുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകളോ സീറ്റ് ധാരണയോ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പഞ്ചാബിന്റെ വികസനങ്ങള്‍ക്കുള്ള രൂപരേഖ ഇപ്പോഴേ പാര്‍ട്ടിയുടെ പക്കലുണ്ട്. പഞ്ചാബിലെ ഓരോ പ്രദേശവും ഈ രൂപരേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, അത് ആം ആദ്മി പാര്‍ട്ടി ജനങ്ങളിലേക്കെത്തിക്കും,’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ഖജനാവിന്റെ വലിപ്പം ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഖജനാവ് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, ഖജനാവില്‍ പണം നിറച്ച് ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മന്‍ കൂട്ടിച്ചേര്‍ത്തു.
വോട്ട് എന്നത് ശക്തിയേറിയ ഒരു ആയുധമാണെന്നും, അത് ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും മന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘തെരഞ്ഞെടുപ്പിന്റെ സമയത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കാണിക്കുന്നവരെ കരുതിയിരിക്കണം. യാതൊരു തരത്തിലുള്ള ഭയമോ ആശങ്കയോ അത്യാഗ്രഹമോ ഇല്ലാതെ നിങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക,’ മന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ച എല്ലാ നിര്‍ദേശങ്ങളും എ.എ.പി സ്വാഗതം ചെയ്യുന്നുവെന്നും, നിര്‍ദേശങ്ങളെല്ലാം തന്നെ പാര്‍ട്ടി പാലിക്കുമെന്നും മന്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യമായി തന്നെ നടക്കുമെന്നും, ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരിക്കും തങ്ങള്‍ പ്രചരണവും തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുകളും നടത്തുന്നതെന്നും മന്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിന്റെ ഭാവിക്ക് വേണ്ടി നിങ്ങളുടെ വിലയേറിയ വോട്ട് ഉപയോഗിക്കണമെന്നും മന്‍ ജനങ്ങളോടാവശ്യപ്പെട്ടു. ‘നമ്മള്‍ ആവശ്യത്തിലധികം കണ്ടു, അതിലുമേറെ അനുഭവിച്ചു. പുതിയ ചരിത്രം രചിച്ചാണ് പഞ്ചാബിന് ശീലം. സ്വാതന്ത്ര്യസമരത്തിലും ഹരിതവിപ്ലവത്തിലും എല്ലാവരും അത് കണ്ടതാണ്,’ മന്‍ കൂട്ടിച്ചേര്‍ത്തു.
117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്ക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതിയും തെരഞ്ഞെടുപ്പ് ചട്ടങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.
യു.പിയില്‍ ഫെബ്രുവരി 10 നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27 നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.
പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
വീട് കയറിയുള്ള പ്രചരണത്തിന് 5 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 2 ഡോസ് വാക്സിന്‍ നിര്‍ബന്ധമാണെന്നും കൊവിഡ് ബാധിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നും കമ്മീഷന്‍ അറിയിച്ചു.
നാമനിര്‍ദേശപത്രിക ഓണ്‍ലൈന്‍ ആയി നല്‍കാമെന്നും വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
18.43 കോടി വോട്ടര്‍മാരാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലൂം കൂടിയുള്ളത്. ഇതില്‍ 8.55കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സ്റ്റേഷനുകളുടെ എണ്ണം പതിനാറ് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.
യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായും ഉയര്‍ത്തി.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.