ഗുജറാത്തില്‍ ആം ആദ്മി ജയിക്കാന്‍ ബി.ജെ.പിയില്‍ ചിലരുടെ പിന്തുണയുണ്ട്, എന്നെ ഹിന്ദുവിരുദ്ധനാക്കിയവര്‍ ചെകുത്താന്റെ സന്തതികള്‍: അരവിന്ദ് കെജ്‌രിവാള്‍
national news
ഗുജറാത്തില്‍ ആം ആദ്മി ജയിക്കാന്‍ ബി.ജെ.പിയില്‍ ചിലരുടെ പിന്തുണയുണ്ട്, എന്നെ ഹിന്ദുവിരുദ്ധനാക്കിയവര്‍ ചെകുത്താന്റെ സന്തതികള്‍: അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th October 2022, 8:25 am

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തമായിരിക്കെ തനിക്ക് ബി.ജെ.പിയുടെയും പിന്തുണയുണ്ടെന്ന പരാമര്‍ശവുമായി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഭരണകക്ഷിയായ ബി.ജെ.പിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിയെ രഹസ്യമായി പിന്തുണക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം..

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ പരാജയം കാണാന്‍ ആഗ്രഹിക്കുന്നവരാണ് ബി.ജെ.പിയിലെ മിക്കവരും. തന്നെ ഹിന്ദുവിരുദ്ധനായി വിശേഷിപ്പിച്ച് ഗുജറാത്തിലെ നഗരങ്ങളില്‍ പോസ്റ്ററുകള്‍ നിരത്തിയവര്‍ ചെകുത്താന്റെ സന്തതികളാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘പല ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും എന്നെ കാണുകയും ഭരണകക്ഷിയെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് രഹസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ പാര്‍ട്ടി പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. മിക്കവാറും ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും ആം ആദ്മിക്ക് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്,’ കെജ്‌രിവാള്‍ പറഞ്ഞു. ഗുജറാത്തിലെ വത്‌സാദ് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

27 വര്‍ഷമായി ബി.ജെ.പി തുടര്‍ച്ചയായി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇനിയും സംസ്ഥാനത്ത് വിജയിക്കുമെന്ന ബി.ജെ.പിയുടെ അഹങ്കാരമാണ് ഇല്ലാതാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാക്ഷസരെ തുടച്ചുനീക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേരൂ എന്നായിരുന്നു കെജ്‌രിവാള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ ആഹ്വാനം.

അതേസമയം മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്തതിന് ആം ആദ്മി സര്‍ക്കാരിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രാജിവെച്ചു. ദല്‍ഹിയില്‍ നടന്ന മതപരിവര്‍ത്തന ചടങ്ങില്‍ ഗൗതം പങ്കെടുത്തതിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

പതിനായിരത്തോളം ആളുകള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ചടങ്ങില്‍ ഗൗതം പങ്കെടുത്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശവുമായി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. ചടങ്ങില്‍ ഗൗതം ഹിന്ദുദേവന്മാരെയും ദേവിമാരെയും അപമാനിച്ചുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

ട്വിറ്ററിലൂടെയാണ് രാജേന്ദ്ര പാല്‍ ഗൗതം രാജിക്കത്ത് പങ്കുവെച്ചത്. താന്‍ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ബി.ജെ.പി. കെജ്‌രിവാളിനെയും എ.എ.പിയെയും ലക്ഷ്യം വെക്കുന്നുവെന്നും അത് തന്നെ വേദനിപ്പിക്കുന്നെന്നും ഗൗതം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘ഇന്ത്യയെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നത് തുടരും. ജീവിതത്തിലൂടനീളം ബാബാ സാഹിബ് അംബേദ്കറുടെ ഉപദേശങ്ങള്‍ പാലിക്കും’, അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി.

നേരത്തെ ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ അരവിന്ദ് കെജ്രിവാളിനെ ‘ഹിന്ദു വിരുദ്ധന്‍’ എന്ന് വിശേഷിപ്പിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത്, വഡോദര തുടങ്ങിയ നഗരങ്ങളിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കെജ്രിവാള്‍ പങ്കെടുത്ത പരിപാടിക്ക് മുന്നോടിയായി എ.എ.പി പ്രവര്‍ത്തകര്‍ ഈ ബാനറുകള്‍ നീക്കം ചെയ്തിരുന്നു.

Content Highlight: Aam admi party chief says that bjp leaders too support him to win in upcoming gujarat election