Advertisement
Mollywood
ആദ്യ ദിവസം തന്നെ ആദി സോഷ്യല്‍ മീഡിയയില്‍;പുറത്തായത് മോഹന്‍ലാലും സുചിത്രയുമുള്ള രംഗം
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jan 26, 11:29 am
Friday, 26th January 2018, 4:59 pm

കോഴിക്കോട്: പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ആദ്യ ചിത്രമാണ് ആദി. ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മോഹന്‍ലാലും ഭാര്യ സുചിത്രയും അഭിനയിച്ച രംഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തായിരിക്കുന്നത്. ആന്റണി പെരുമ്പാവൂരും രംഗത്തിലുണ്ട്.

മോഹന്‍ലാല്‍ ക്ലബ്ബ് എന്ന പേജിലൂടെയാണ് സിനിമയിലെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ പുറത്തായിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്തിരിക്കുന്നതും. മകന്റെ അരങ്ങേറ്റ ചിത്രം തകര്‍പ്പനാക്കാനാണ് ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് മോഹന്‍ലാലും സുചിത്രയും ഒരേ സിനിമയില്‍ അഭിനയിക്കുന്നത്.

ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആദി. അതിനാല്‍ തന്നെ മിക്ക തിയ്യറ്ററുകളും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ കോഴിക്കോട് ആര്‍.പി മാളിലെ പി.വി.ആര്‍ മൂവിസില്‍ ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയത് സംഘര്‍ഷത്തിന് ഇടയാക്കി. ചിത്രത്തിന്റെ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെ വൈദ്യതി ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് പ്രേക്ഷകര്‍ ബഹളം വ്ച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. പൊലീസ് എത്തിയതിന് ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കുകയും ചെയ്തു.

ഇന്റര്‍വെല്ലിന് ശേഷമായിരുന്നു പ്രദര്‍ശനം മുടങ്ങിയത്. അതേസമയം, ആദി ആദ്യം ദിനം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. എല്ലായിടത്തു നിന്നും മികച്ച പ്രകടനമാണ് ഇതുവരെയും ലഭിച്ചു വരുന്നത്. നേരത്തെ ആദിയിലൂടെ അരങ്ങേറുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ പ്രണവിന് ആശംസ നേര്‍ന്നിരുന്നു.