ഫേസ്ബുക്കിലൂടെ പരാതി പറയുന്നത് സംഘടനാപരമായി ഉചിതമല്ല: പി.കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ തള്ളി എ.എ റഹീം
പാലക്കാട്: പി.കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ തള്ളി ഡി.വൈ.എഫ്.ഐ. പാലക്കാട് ചിലരെ തരംതാഴ്ത്തിയത് മറ്റുചില കാര്യങ്ങള്‍ കൊണ്ടാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല. പെണ്‍കുട്ടി ഇതുവരെ ഒരു പരാതിയും ഡി.വൈ.എഫ്.ഐയോട് പറഞ്ഞിട്ടില്ലെന്നും എ.എ റഫീം പറഞ്ഞു.
‘ഏതെങ്കിലും ഒരു അംഗത്തിന് ഇത്തരത്തിലുള്ള ഒരു കമ്മിറ്റിയെക്കുറിച്ചുള്ള നേതാക്കളെക്കുറിച്ചോ പരാതിയുണ്ടെങ്കില്‍ അത് അവരുടെ ഘടകത്തിലാണ് ഉന്നയിക്കേണ്ടത്. അത് ആ ഘടകത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ഫേസ്ബുക്ക് ശരിയാണ് എങ്കില്‍ അത് തെറ്റിദ്ധാരണമൂലം ചെയ്തതായിരിക്കും. ആ തെറ്റിദ്ധാരണ തിരിത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
‘ഇത്തരം കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റും പറയുന്നത് സംഘടനാപരമായി ഉചിതമല്ല. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ മുമ്പില്‍ ഇത് സംബന്ധിച്ച ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. അസ്വാഭാവികമായി ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം തന്നെ തെറ്റിദ്ധാരണമൂലം ഉന്നയിക്കുന്നതാണ്. തന്റെ കൂട നിന്ന ഒരാളെ സെക്രട്ടറിയേറ്റില്‍ നിന്നൊഴിവാക്കിയെന്നു പറയുന്നു, തന്റെ കൂടെ നില്‍ക്കുകയെന്ന ഒന്നില്ല. അത് ശരിയല്ല. അത് പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. രണ്ട് ഏതോ ഒരാളെ ചൊല്ലിയാണ് ഇത് പറയുന്നതെങ്കില്‍ അയാളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. അത് ആ കമ്മിറ്റിയിലെ നിരവധി പേര്‍ക്കെതിരെയെടുക്കും.’
പി.കെ ശശി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ഡി.വൈ.എഫ്.ഐയില്‍ നിന്നും ഇന്നലെ രാജിവെച്ചിരുന്നു. പാലക്കാട് ജില്ല കമ്മിറ്റി അംഗമാണ് യുവതി. പി.കെ ശശിക്കെതിരെ നിലപാടെടുത്തവരെ തരം താഴ്ത്താന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു് നടപടി.
വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് പി.കെ ശശിയെ സസ്പെന്‍ഡ് ചെയ്ത സി.പി.ഐ.എമ്മിന്റെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. നവംബര്‍ 26നാണ് ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ പി.കെ ശശിയെ സി.പി.ഐ.എം സസ്പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്പെന്‍ഡ് ചെയ്തത്.
യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ.
യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നല്‍കിയ വിശദീകരണം കൂടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ ബാലന്റെ അഭിപ്രായം പി.കെ ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.