മഞ്ഞ മാധ്യമങ്ങളിലൂടെ ചില 'മഹാന്മാര്‍', ഇവര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നാണ് സ്വയം വിളിച്ചു പറയുന്നത്.; മസാല മൊത്തവ്യാപാരികളെ മൂക്കുകയറിടണമെന്നും എ.എ റഹീം
Kerala News
മഞ്ഞ മാധ്യമങ്ങളിലൂടെ ചില 'മഹാന്മാര്‍', ഇവര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നാണ് സ്വയം വിളിച്ചു പറയുന്നത്.; മസാല മൊത്തവ്യാപാരികളെ മൂക്കുകയറിടണമെന്നും എ.എ റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th September 2020, 6:29 pm
യുട്യൂബ് ചാനല്‍ മുതലാളിമാര്‍ മാത്രമല്ല, അതില്‍ ചെന്നിരുന്നു ആരെയും തെറിവിളിക്കുന്ന ചില നിരീക്ഷക പ്രമുഖരുമുണ്ടെന്നും റഹീം പറഞ്ഞു. പൊതു മാധ്യമങ്ങളില്‍ പറയാന്‍ സാധിക്കാത്ത വ്യാജ പ്രചരണങ്ങള്‍ ഇത്തരം മഞ്ഞ മാധ്യമങ്ങളിലൂടെ ചില 'മഹാന്മാര്‍' ഇവര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നാണ് സ്വയം വിളിച്ചു പറയുന്നത്. ആത്മാഭിമാനമുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അപമാനമാണ് ഈ സാമൂഹ്യ വിരുദ്ധ സംഘമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: പാപ്പരാസി സംസ്‌കാരമാണ് ഭൂരിഭാഗം യൂട്യൂബ് ചാനലുകള്‍ക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഇത്തരം ചാനലുകള്‍ മസാല കഥകളുമായി കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണെന്നും റഹീം പറഞ്ഞു.

സ്ത്രീകളെ അപമാനിച്ച് വിജയ് പി നായര്‍ എന്നയാള്‍ യൂട്യൂബില്‍ വീഡിയോകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു റഹീം.

യൂട്യൂബ് ചാനലുകള്‍ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞെന്നും ഫലപ്രദമായ നിയമ നിര്‍മ്മാണത്തിന് ഇനിയും വൈകിക്കൂടെന്നും പറഞ്ഞ അദ്ദേഹം സൈബര്‍ ലോകം അതിവേഗം വിപുലപ്പെടുകയാണെന്നും എന്നാല്‍ ഈ വേഗതയില്‍ ഇത് സംബന്ധിച്ച നിയമ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ കൂടുതല്‍ ശക്തമായ നിയമ നിര്‍മാണങ്ങള്‍ ഉണ്ടായേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരക്കാരുടെ ലക്ഷ്യം വരുമാനമാണെന്നും മസാല കഥകളുടെയും അപവാദ പ്രചരണങ്ങളുടെയും ലക്ഷ്യം കൂടുതല്‍ പേരെ ആകര്‍ഷിക്കുക കൂടിയാണെന്ന കാര്യം  നാം മനസ്സിലാക്കണമെന്നും റഹീം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

”തല്ലു കൊണ്ടാലും കുഴപ്പമില്ല, നല്ല വരുമാനം കിട്ടും എന്ന് കരുതുന്ന സാമൂഹ്യ വിരുദ്ധരാണ് ഇക്കൂട്ടര്‍. വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരസ്‌കരിക്കാന്‍ തുടങ്ങിയാല്‍ ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ കച്ചവടം പൂട്ടിപ്പോകും. സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന് ചെറിയ പ്രായം മുതല്‍ വിദ്യാര്‍ഥികളെയും പൊതു സമൂഹത്തെയും പഠിപ്പിക്കാന്‍, അവബോധം വളര്‍ത്താന്‍ സര്‍ക്കാര്‍ ഏജന്‍സികളും, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും തുടര്‍ച്ചയായ ക്യാമ്പയിന്‍ ഏറ്റെടുക്കണം,” അദ്ദേഹം പറഞ്ഞു.

യുട്യൂബ് ചാനല്‍ മുതലാളിമാര്‍ മാത്രമല്ല, അതില്‍ ചെന്നിരുന്നു ആരെയും തെറിവിളിക്കുന്ന ചില നിരീക്ഷക പ്രമുഖരുമുണ്ടെന്നും റഹീം പറഞ്ഞു. പൊതു മാധ്യമങ്ങളില്‍ പറയാന്‍ സാധിക്കാത്ത വ്യാജ പ്രചരണങ്ങള്‍ ഇത്തരം മഞ്ഞ മാധ്യമങ്ങളിലൂടെ ചില ‘മഹാന്മാര്‍’ ഇവര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നാണ് സ്വയം വിളിച്ചു പറയുന്നത്. ആത്മാഭിമാനമുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അപമാനമാണ് ഈ സാമൂഹ്യ വിരുദ്ധ സംഘമെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ കര്‍ക്കശമാക്കണം സാമൂഹ്യമായ അവബോധം വളര്‍ത്തണം, ഈ മസാല മൊത്തവ്യാപാരികളെ മൂക്കുകയറിടണം, അദ്ദേഹം പറഞ്ഞു.

വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് കരിമഷി ഒഴിക്കുകയും ചെയ്തിരുന്നു.

ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.

വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയ് പി. നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: AA Rahim Facebook-Post-about-youtuber Vijay P Nair Bhagyalakshmi issue