ഉഷാ കുമാരി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് അധിക്ഷേപം. ‘കലാകാരന്മാരെ ഇഷ്ടമാണ് പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തില്‍ പെട്ടെന്ന് കണ്ടാല്‍ ആരും പേടിച്ചു പോകും, അറപ്പാകുന്നു,’ എന്നാണ് ഉഷാ കുമാരി പറഞ്ഞത്. സന്നിധാനന്ദന്റെ കുടുംബചിത്രമടക്കം പങ്കുവെച്ചുകൊണ്ടാണ് അധിക്ഷേപം നടത്തിയത്.
സന്നിധാനന്ദന് പുറമെ മുടി നീട്ടി വളര്‍ത്തിയതിന് ഗായകന്‍ വിധു പ്രതാപിനെയും ഇവര്‍ അധിക്ഷേപിച്ചിട്ടുണ്ട്.
‘ആണ്‍ കുട്ടികളെ ആണായിട്ടും പെണ്‍കുട്ടികളെ പെണ്‍കുട്ടിയായിട്ടും തന്നെ വളര്‍ത്തണം. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതല്ല ജീവിതം. കുട്ടികള്‍ അവനെ കണ്ടാല്‍ കണ്‍ഫ്യൂഷന്‍ ആവും. നാളെ അവനെ ചാന്തുപൊട്ട് എന്ന് വിളിക്കാന്‍ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാര്‍,’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.
അധിക്ഷേപം തന്നെ വേദനിപ്പിച്ചുവെന്ന് സന്നിധാനന്ദന്‍ 24 ന്യൂസിനോട് പ്രതികരിച്ചു. ചിലരുടെ കാപട്യം മനസിലാക്കാന്‍ വേണ്ടിയാണ് തന്റെ പ്രൊഫൈലില്‍ ഉഷാ കുമാരിയുടെ അധിക്ഷേപ പരാമര്‍ശം പങ്കുവെച്ചതെന്നും സന്നിധാനന്ദന്‍ പറഞ്ഞു. സാധാരണ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ താന്‍ തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ചില സാഹചര്യത്തില്‍ ഇങ്ങനെയുള്ള ആളുകളെ സമൂഹത്തിന് മുമ്പില്‍ തുറന്നുകാണിക്കണമെന്നും സന്നിധാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെയുള്ള പരാമര്‍ശത്തെ തള്ളിക്കളയുന്നുവെന്നും പക്ഷെ തന്നോടൊപ്പം തന്റെ പങ്കാളിയും നില്‍ക്കുന്ന ചിത്രമാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും അത് ക്ഷമിക്കാന്‍ കഴിയില്ലെന്നും സന്നിധാനന്ദന്‍ ചൂണ്ടിക്കാട്ടി. പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കുമോ എന്നതില്‍ തീരുമാനമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.