സുപ്രീംകോടതിയിലുള്ള കേസില്‍ നിയമം കൊണ്ടുവരുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍? നാട്ടുകാരെ പറ്റിക്കല്‍ യു.ഡി.എഫിന്റെ സ്ഥിരം പരിപാടിയെന്ന് എ. വിജയരാഘവന്‍
തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫ് പ്രഖ്യാപനത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഭരണഘടനപരമായ കാര്യങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ അവ്യക്തതയാണ് ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
‘ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. അതില്‍ നിയമനിര്‍മ്മാണം നടത്താന്‍ കോണ്‍ഗ്രസിന് കഴിയില്ല. പിന്നെ ഏത് നിയമം അനുസരിച്ചാണ് കോണ്‍ഗ്രസ് പുതിയ നിയമമുണ്ടാക്കാന്‍ പോകുന്നത്? അധികാരത്തില്‍ ഇല്ലാത്തവരാണ് അവര്‍. അധികാരത്തില്‍ വരണമെന്ന് വിചാരിച്ചാലും നടക്കാന്‍ പോകുന്നില്ല. കോടതി തീരുമാനിച്ചാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്’, വിജയരാഘവന്‍ പറഞ്ഞു.
ഇവിടെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കോടതി തീരുമാനത്തിന് മേലെ അത്തരമൊരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരെ പറ്റിക്കുക എന്ന കാര്യപരിപാടിയുടെ ഭാഗമാണ് കോണ്‍ഗ്രസിന്റെ ഈ നിലപാടെന്നും വിജയരാഘവന്‍ പറഞ്ഞു.
ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ് നേതൃത്വം ശനിയാഴ്ച പറഞ്ഞിരുന്നു.ഇതോടൊപ്പം യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപവും പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് നിയമത്തിന്റെ കരട് പുറത്തുവിട്ടത്.
ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.ഡി.എഫിന്റെ ശബരിമല നിയമം. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരിയെന്നും അവസാന വാക്ക് തന്ത്രിയുടേതായിരിക്കുമെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു.
തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യു.ഡി.എഫ് പറയുന്നു. നിയമത്തിന്റെ കരട് രൂപരേഖ നിയമമന്ത്രി എ കെ ബാലന് കൈമാറുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ കൈമാറട്ടെ എന്ന് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുന്നത്. വെറുതെ വാചകക്കസര്‍ത്ത് നടത്തുകയല്ല യു.ഡി.എഫ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് നേരത്തേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക