കോഴിക്കോട്: ഏക സിവില്‍ കോഡ് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണിതെന്നും അതുകൊണ്ട് തന്നെ സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രതികരണം മുസ്‌ലിങ്ങള്‍ മാത്രം നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡ് വിഷയത്തില്‍ സംയുക്തനീക്കം ലക്ഷ്യമിട്ട് കോഴിക്കോട് വെച്ച് നടന്ന മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘ഏക സിവില്‍ കോഡ് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇതിന്റെ പ്രതികരണം മുസ്‌ലിങ്ങള്‍ മാത്രം നടത്തേണ്ടതില്ല, എല്ലാവരും ഒരുമിച്ച് നിന്ന് നടത്തേണ്ടതാണ്.
ഇന്ത്യയില്‍ ഒരുപാട് ഗോത്ര വര്‍ഗങ്ങളുണ്ട്. അവരെയൊക്കെ ഇത് ബാധിക്കുന്നുണ്ട്. വിശാലമായ രീതിയില്‍ തന്നെ ഇതിനെ കണ്ട് കൊണ്ട് ശക്തമായ പ്രതികരണങ്ങളുണ്ടാകണം.
ഏക സിവില്‍ കോഡ് തെരുവിലേക്കിറങ്ങി പരിഹരിക്കേണ്ട ഒരു വിഷയമേയല്ല. തെരുവിലിറങ്ങി പോരാടി ജയിക്കേണ്ട വിഷയമല്ലയിത്. നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ നേരിടേണ്ടി വരും. അതിന് വേണ്ടി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ആവശ്യമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്തമുള്ള സമീപനം ഇക്കാര്യത്തിലെടുക്കണം.
ഈ പ്രശ്‌നത്തിന്റെ പേരില്‍ മതധ്രുവീകരണം നടക്കാന്‍ പാടില്ല. സാമുദായിക ധ്രുവീകരണവും ഉണ്ടായിക്കൂടാ. അതിന് ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. അതിന് വേണ്ടി മുസ്‌ലിം സംഘടനകളുടെ സമിതി ഒരു സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതേ കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തും. അതിന് ഒന്നോ അതിലധികമോ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതില്‍ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിക്കും,’ അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡിന്റെ കെണിയില്‍ വീഴരുതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിക്കരുതെന്നും ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് സെമിനാറിന്റെ സ്വഭാവമറിഞ്ഞ് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് പതിനൊന്ന് മണിക്കാണ് മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ആരംഭിച്ചത്. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭ പരിപാടികളും നിയമപോരാട്ട സാധ്യതകളും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്.
content highlights: A single civil code does not apply only to Muslims; All must respond together: Muslim Coordination Committee