ഉസിരേ നീ താനേ... നീ താനേ.... മെലഡി കൊണ്ട് തിയേറ്റര്‍ കുലുക്കിയ റഹ്‌മാന്‍ മാജിക്
Entertainment
ഉസിരേ നീ താനേ... നീ താനേ.... മെലഡി കൊണ്ട് തിയേറ്റര്‍ കുലുക്കിയ റഹ്‌മാന്‍ മാജിക്
അമര്‍നാഥ് എം.
Sunday, 28th July 2024, 4:10 pm

ധനുഷിന്റെ അമ്പതാമത് ചിത്രം രായന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രാമായണ കഥക്ക് തന്റേതായ വെര്‍ഷന്‍ രൂപപ്പെടുത്തി ധനുഷ് സംവിധാനം ചെയ്ത ചിത്രം ഗംഭീര കളക്ഷനുമായി കുതിപ്പ് തുടരുകയാണ്. ചിത്രത്തിനെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് എ.ആര്‍ റഹ്‌മാന്റെ പാട്ടുകളാണ്. ടൈറ്റില്‍ സോങ് മുതല്‍ സിനിമയിലേക്ക് പ്രേക്ഷകരെ വലിച്ചിടാന്‍ റഹ്‌മാന് കഴിഞ്ഞു.

32 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതുവരെ കേള്‍ക്കാത്ത തരത്തിലുള്ള മാസ്മരിക സംഗീതം കൊണ്ട് ഇന്ത്യന്‍ സിനിമാ സംഗീതമേഖലയെ ഞെട്ടിച്ച റഹ്‌മാന്‍ ഇപ്പോഴും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ തന്റെ സംഗീതത്തില്‍ നടത്തുന്നുണ്ട്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് രായനിലെ പാട്ടുകള്‍. ചെന്നൈയുടെ തനത് നാടന്‍ സംഗീതമായ ഗാനാ മോഡല്‍ പാട്ടും വളരെ മനോഹരമായി റഹ്‌മാന്‍ രായനില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വാട്ടര്‍ പാക്കറ്റ് എന്ന് തുടങ്ങുന്ന ഗാനം റഹ്‌മാനിലെ സംഗീതാന്വേഷകന്‍ ആരാധകര്‍ക്ക് തന്ന നല്ലൊരു പാട്ടാണ്.

തമിഴ് റാപ്പര്‍മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അറിവിനെക്കൊണ്ട് ഗംഭീര റാപ്പ് ഗാനവും റഹ്‌മാന്‍ തയാറാക്കിയിട്ടുണ്ട്. ഇത്രയും വ്യത്യസ്തമായ പാട്ടുകള്‍ ഉണ്ടെങ്കിലും സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചത് ക്ലൈമാക്‌സ് സോങ്ങാണ്. ഫോക്ക് ബീറ്രുകളില്‍ ധനുഷ് പാടിയ അടങ്കാത അസുരന്‍ നാന്‍ എന്ന പാട്ട് അതിന്റെ ടാപ്പില്‍ എത്തിയത് റഹ്‌മാന്‍ പാടിയ പോര്‍ഷനിലാണ്.

അതുവരെ പകയുടെ മൂഡ് മാത്രം ഉണ്ടാക്കി വന്ന പാട്ടിലേക്ക് റഹ്‌മാന്‍ പാടിയ ‘ഉസിരേ നീ താനേ’ എന്ന മെലഡി പോര്‍ഷന്‍ എല്ലാവരെയും മറ്റൊരു ലോകത്തിലേക്കെത്തിച്ചു. വെറും പത്ത് സെക്കന്‍ഡ് മാത്രം വരുന്ന പോര്‍ഷനില്‍ സിനിമയുടെ ആത്മാവിനെ മൊത്തം ആവാഹിക്കാന്‍ റഹ്‌മാന്റെ സംഗീതത്തിന് സാധിച്ചു. മാസ് പാട്ടുകള്‍ക്ക് മാത്രം കൈയടിക്കുന്ന പ്രേക്ഷകര്‍ ഈയൊരു ഭാഗത്തിന് ആര്‍പ്പുവിളിച്ചത് റഹ്‌മാന്‍ എന്ന സംഗീതജ്ഞന്റെ മാന്ത്രികത എടുത്തുകാണിക്കുന്ന ഒന്നാണ്.

കുറച്ചുകാലം റീല്‍സിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓടി നടക്കുന്ന പാട്ടുകള്‍ മാത്രം ഉണ്ടാക്കാന്‍ പല സംഗീത സംവിധായകരും ശ്രമിക്കുന്ന ഈ കാലത്ത് എത്ര വര്‍ഷം കഴിഞ്ഞാലും ആദ്യം കേള്‍ക്കുന്ന അതേ ഫീല്‍ തരാന്‍ കഴിയുന്ന പാട്ടുകള്‍ മാത്രമാണ് റഹ്‌മാനില്‍ നിന്ന് ഉണ്ടാകുന്നത്. ഇനിയും അദ്ദേഹത്തില്‍ നിന്ന് അത്ഭുതപ്പെടുത്തുന്ന പാട്ടുകള്‍ വരും. അതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: A R Rahman’s magical music in Raayan

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം