ചിര വൈരികളായ മാഴ്സയെ ഡെർബി മാച്ചിൽ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് പി.എസ്.ജി.
ഫെബ്രുവരി ഒമ്പതിന് ഫ്രഞ്ച് കപ്പ് പ്രീ ക്വാർട്ടറിൽ മാഴ്സക്കെതിരെ പരാജയം ഏറ്റുവാങ്ങി പുറത്തായ പാരിസ് ക്ലബ്ബിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
എന്നാൽ അതിനെയൊക്കെ മറികടക്കുന്ന പ്രകടനമായിരുന്നു തിങ്കളാഴ്ച പി.എസ്.ജി അവരുടെ റൈവൽറി ക്ലബ്ബിനെതിരെ പുറത്തെടുത്തത്.
മെസി ഒന്നും എംബാപ്പെ രണ്ടും ഗോൾ നേടി തിളങ്ങിയ മത്സരത്തിൽ എംബാപ്പെയുടെ രണ്ട് ഗോളിനും മെസിയും മെസിയുടെ ഒരു ഗോളിന് എംബാപ്പെയുമാണ് അസിസ്റ്റ് നൽകിയത്.
എന്നാലിപ്പോൾ മത്സരത്തിൽ രണ്ട് ഗോളുകളടിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച എംബാപ്പെയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മാഴ്സെയുടെ പരിശീലകനായ ഇഗോർ തുഡോർ.
എംബാപ്പെ വേറെയേതോ ഗ്രഹത്തിൽ നിന്നും വന്നത് പോലെയുള്ള പ്രകടനമാണ് കാഴ്ചവെച്ചത് എന്നായിരുന്നു മാഴ്സെ പരിശീലകനായ ഇഗോർ തുഡോർ അഭിപ്രായപ്പെട്ടത്.
മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിലായിരുന്നു എംബാപ്പെയുടെ മിന്നും പ്രകടനത്തെക്കുറിച്ച് മാഴ്സെ പരിശീലകന്റെ തുറന്ന് പറച്ചിൽ.
“മറ്റേതോ ഗ്രഹത്തിൽ നിന്നും വന്ന പ്ലെയറെപ്പോലെയായിരുന്നു എംബാപ്പെ കളിച്ചിരുന്നത്. മുമ്പ് അവരോട് കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായാണ് റൊണാൾഡോ ഇന്ന് മത്സരിക്കാനിറങ്ങിയത്,’ ഇഗോർ തുഡോർ പറഞ്ഞു.
“ഞങ്ങൾ പി.എസ്.ജിക്കൊപ്പം നിൽക്കുന്ന മത്സരമാണ് കാഴ്ചവെച്ചത്. പക്ഷെ എതിർ വശത്ത് മെസി, റൂയിസ്, മാർക്കീന്യോസ്, വെരാട്ടി, റാമോസ് എന്നിവരുള്ളപ്പോൾ അവർക്കെതിരെ കളിക്കുക പ്രയാസമാണ്,’ തുഡോർ കൂട്ടിച്ചേർത്തു.
അതേസമയം 25 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളോടെ 60 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്. ജി.