ബഹുമാന്യരേ,
കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഇന്ത്യയിലെ ഏതാനും ബിസിനസ് ഒളിഗാര്‍ക്കുകളുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ വര്‍ധനവിന് പിന്നില്‍ കടുത്ത അഴിമതിയും ചട്ടലംഘനങ്ങളും ഉണ്ട് എന്ന കാര്യത്തില്‍ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും സന്ദേഹം ഉണ്ടാകാന്‍ സാധ്യതയില്ല. ഇന്ത്യന്‍ രാഷ്ട്രീയ ഭരണ മേഖല ചങ്ങാത്ത മുതലാളിത്തത്തില്‍ നിന്ന് ഒരിക്കലും മുക്തമായിരുന്നില്ലെന്നത് വാസ്തവമാണെങ്കിലും കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ അത് എല്ലാ സീമകളും ലംഘിച്ച് രാജ്യത്തിന്റെ പൊതുസമ്പത്ത് ഏതാനും ഒളിഗാര്‍ക്കുകളിലേക്ക് മാത്രമായി വീതിച്ചു നല്‍കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുകയുണ്ടായി.
കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ മാത്രം ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ച 1830% ആണെന്ന് കണക്കുകള്‍ പറയുന്നു. മുകേഷ് അംബാനിയുടെ സമ്പത്തില്‍ 350%വും ബാബാ രാംദേവിന്റെ കീഴിലുള്ള പതഞ്ജലിയുടെ വളര്‍ച്ചയില്‍ 173%വും വര്‍ധനവാണ് ഇക്കാലയളവില്‍ സംഭവിച്ചിരിക്കുന്നത്. ജനങ്ങളെ കബളിപ്പിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി മരുന്നുകള്‍ വിറ്റതിന്റെ പേരില്‍ ഇന്ന് കോടതിക്ക് മുന്നില്‍ നാണംകെട്ട് മാപ്പപേക്ഷയുമായി നില്‍ക്കുന്ന ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ ആസ്തി ഇക്കാലയളവില്‍ 70,000 കോടി രൂപയായി മാറിക്കഴിഞ്ഞിരിക്കുന്നു.
മോദി ഭരണത്തിന്‍ കീഴിലെ ഇന്ത്യന്‍ ഒളിഗാര്‍ക്കുകളുടെ വളര്‍ച്ചയുടെ ഉത്തമ മാതൃകയെന്ന നിലയില്‍ അദാനിയെ ഉദാഹരണമായെടുക്കാം.
ഖനനം, ഊര്‍ജ്ജം, തുറമുഖം, വിമാനത്താവളം, പശ്ചാത്തലവികസനം തുടങ്ങി അദാനി കൈവെച്ച മേഖലകളിലെല്ലാം കടുത്ത നിയമവിരുദ്ധ ഇടപാടുകള്‍ കണ്ടെത്താന്‍ കഴിയും. ഓഹരി വിപണിയില്‍ ഗൗതം അദാനി നടത്തിക്കൊണ്ടിരിക്കുന്ന കൃത്രിമത്വങ്ങളെക്കുറിച്ച് നിരവധി തെളിവുകള്‍ പുറത്തുവന്നത് നാം കണ്ടു. ഏറ്റവും ഒടുവില്‍, എത്രയേറെ മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടും, രാജ്യത്തെ ഓഹരി വിപണി നിയന്ത്രിക്കുന്ന ഔദ്യോഗിക സ്ഥാപനമായ സെബി(SEBI)ക്ക് പോലും അദാനി സ്ഥാപനങ്ങളിലെ 12ഓളം നിക്ഷേപകര്‍ സംശയാസ്പദമായ പശ്ചാത്തലമുള്ളവരാണെന്ന് വെളിപ്പെടുത്തേണ്ടി വന്നു.
രാജ്യത്തെ കല്‍ക്കരി ഖനികള്‍ അദാനിക്ക് തുറന്നുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും രാജ്യത്തെ താപനിലയങ്ങള്‍ക്കാവശ്യമായ കല്‍ക്കരി ഗൗതം അദാനിയുടെ സ്ഥാപനത്തില്‍ നിന്ന് വാങ്ങുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതും തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനിക്ക് ലഭ്യമാക്കുന്നതിനായി ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തിയതും അടക്കമുള്ള വിഷയങ്ങള്‍ പലതട്ടില്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ടവര്‍ ബാങ്കുകള്‍ക്ക് മേല്‍ വരുത്തിയ ഭാരം 10ലക്ഷം കോടിയോളം വരും. നിഷ്‌ക്രിയാസ്തി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭാരം ബാങ്കുകള്‍ക്ക് മേല്‍ വരുത്തിവെച്ചവര്‍ കേവലം 28പേര്‍ മാത്രമാണ് എന്ന് കൂടി അറിയേണ്ടതുണ്ട്. 2014-ല്‍ 2 ലക്ഷം കോടി രൂപ ഉണ്ടായിരുന്ന ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി 2024-ല്‍ എത്തുമ്പോഴേക്കും 10 ലക്ഷം കോടി കവിഞ്ഞിരിക്കുന്നു.
വിജയ് മല്യ, നീരവ് മോദി, മേഹുല്‍ ചോക്സി എന്നിവരടങ്ങുന്ന ഈ വഞ്ചക കൂട്ടങ്ങളെ തിരികെ രാജ്യത്തെത്തിക്കുവാനോ അവരുടെ സമ്പത്ത് പിടിച്ചെടുക്കുന്നതിനോ ഉള്ള നടപടികള്‍ യാതൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് കാണാവുന്നതാണ്.
വ്യാവസായിക വളര്‍ച്ചയുടെയും തൊഴില്‍ ഉത്പാദനത്തിന്റെയും പേരില്‍ രാജ്യത്തെ അതിസമ്പന്നര്‍ക്ക് 16 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഇളവുകളാണ് മോദി ദശകക്കാലം സമ്മാനിച്ചത്. രാജ്യത്തെ ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാവുന്ന, വിദ്യാഭ്യാസം അടക്കമുള്ള മേഖലയില്‍ വന്‍ നിക്ഷേപം സാധ്യമാക്കാവുന്ന അത്രയും വലിയ തുകയാണ് അതിസമ്പന്നര്‍ക്ക് ഇളവുകളായി അനുവദിച്ചത്.
വ്യവസായ സൗഹൃദ അന്തരീക്ഷവും തൊഴിലുകളും സൃഷ്ടിക്കുവാനെന്ന വ്യാജേന നല്‍കപ്പെട്ട ഈ സൗജന്യങ്ങള്‍ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ എത്രമാത്രം സഹായിച്ചിട്ടുണ്ട് എന്ന് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതായിരിക്കും. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.