എന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ല; യുദ്ധമാണ്: യുദ്ധത്തിനെതിരെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍
Daily News
എന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ല; യുദ്ധമാണ്: യുദ്ധത്തിനെതിരെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd May 2016, 10:10 am

ന്യൂദല്‍ഹി: ഒരായുസ്സു മുഴുവന്‍ ഉള്ളില്‍ കൊണ്ടു നടന്ന സങ്കടം അവള്‍ ലോകത്തോടു തുറന്നു പറഞ്ഞത് നാവുകൊണ്ടല്ല, ഹൃദയം കൊണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് സ്വന്തം ജീവിതം പ്ലക്കാര്‍ഡിലാക്കി അവള്‍ പ്രദര്‍ശിപ്പിച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഒരുപാടു പേരുടെ ഹൃദയത്തെ സ്പര്‍ശിച്ചതും. ഹൃദയസ്പര്‍ശിയായ പശ്ചാതല സംഗീതത്തിനൊപ്പം തന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചും അച്ഛന്‍ മരണപ്പെട്ടതിനെക്കുറിച്ചുമെല്ലാം അവള്‍ പ്ലക്കാര്‍ഡിലൂടെ സംവദിക്കുന്നു.

നാലു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഒരു വിഡിയോയിലൂടെ തന്റെ ജീവിത കഥ പറഞ്ഞ പെണ്‍കുട്ടിയുടെ പേര് ഗുര്‍മെഹര്‍ കൗര്‍. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ 19 കാരിയായ മകള്‍.

ഇന്ത്യയിലെ ജലന്തറില്‍ നിന്നുള്ള ഈ കൗമാരക്കാരി ഇംഗ്ലീഷിലെഴുതിയുണ്ടാക്കിയ 30 പ്ലക്കാര്‍ഡിലൂടെയുള്ള അവളുടെ സംസാരം യുദ്ധത്തിനെതിരെയുള്ളതും ഇന്ത്യ-പാക്ക് സൗഹൃദത്തിനു വേണ്ടിയുള്ളതുമാണ്. വെറും രണ്ട് വയസ്സ് മാത്രമുള്ളപ്പോള്‍ പിതാവിനെ നഷ്ടപ്പെട്ട സങ്കടം അവതരിപ്പിച്ചു കൊണ്ടാണ് കൗര്‍ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നത്. പിതാവ് ഇല്ലാതാകുന്നതിന്റെ വേദനകളെ കുറിച്ചുള്ള നിരവധി ഓര്‍മ്മകള്‍ തനിക്കുണ്ടെന്ന് ഒരു പ്ലക്കാര്‍ഡില്‍ കൗര്‍ പറയുന്നു.

gurmehar

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത മൂലമുണ്ടായ കാര്‍ഗില്‍ യുദ്ധമാണ് തന്റെ അച്ഛന്‍ മരിക്കാന്‍ കാരണമായതെന്നും അതുകൊണ്ട് പാക്കിസ്ഥാനികളെ താന്‍ വെറുക്കുന്നുവെന്നും പ്ലക്കാര്‍ഡിലൂടെ അവള്‍ പറയുമ്പോള്‍ ഇവള്‍ക്ക് ഇസ്ലാമോ ഫോബിയ ആണെന്ന് നിങ്ങള്‍ സംശയിച്ചേക്കാം. എന്നാല്‍ അങ്ങനെയൊരു മുന്‍വിധിക്ക് മുന്‍പ് ആ 30 പ്ലക്കാര്‍ഡുകള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നിങ്ങള്‍ അറിയണം.

തന്റെ പിതാവിനെ കൊലചെയ്ത പാക്കിസ്ഥാനോടും ആ നാട്ടിലെ ജനങ്ങളോടുമുള്ള വെറുപ്പിനെ കുറിച്ചുള്ള ഓര്‍മ്മകളും മനസ്സിലുണ്ട്. ഒരിക്കല്‍ ബുര്‍ഖ ധരിച്ച സ്ത്രീയെ താന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു. ആ സ്ത്രീയാണ് പിതാവിനെ കൊന്നതെന്ന് എങ്ങനെയോ താന്‍ വിശ്വസിച്ചിരുന്നു. മാതാവാണ് ആ ആക്രമണ ശ്രമത്തില്‍ നിന്ന് തന്നെ തടഞ്ഞത്. മുസ് ലീംങ്ങളെല്ലാം പാക്കിസ്ഥാനികളാണെന്നായിരുന്നു തന്റെ ധാരണ. അന്ന് അമ്മ പറഞ്ഞു തന്നു പാക്കിസ്ഥാനികളല്ല, യുദ്ധമാണ് പിതാവിനെ കൊന്നതെന്ന്. ” ഇന്ന് ഞാനും പിതാവിനെ പോലെ സൈനികയാണ്. ഞാന്‍ ഇന്ത്യ-പാക്ക് സമാധാനത്തിന് വേണ്ടി യുദ്ധം ചെയ്യുന്നു “.

ആ ശ്രമത്തിന്റെ ഭാഗമായാണ് ശത്രുത മറന്ന് ഒന്നായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സ്-ജര്‍മിനി, ജപ്പാന്‍-യു.എസ്.എ എന്നീ രാജ്യങ്ങളെ ഉദാഹരണമാക്കി അവള്‍ പ്ലക്കാര്‍ഡ് വിഡിയോയിലൂടെ പറയുന്നു. ഇന്ത്യയും പാക്കിസ്ഥാനും ശത്രുത മറന്ന് ഒന്നാകാന്‍ എന്നെ പോലെ നിങ്ങളും ശ്രമിക്കൂ. കൊലപാതകങ്ങള്‍ മതിയാക്കൂ. അതിര്‍ത്തികളില്‍ മരിച്ചു വീഴുന്ന നിഷ്‌കളങ്കരായ ജനങ്ങളെ ഓര്‍ത്ത് ഭരണാധികാരികള്‍ സന്ധി ചെയ്യാന്‍ തയാറാകൂ. ഭൂരിപക്ഷം ഇന്ത്യക്കാരും പാക്കിസ്ഥാനികളും ആഗ്രഹിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദമാണ്. ” മതി ഭരണകൂട ഭീകരത, മതി ഭരണകൂട ചാരപ്രവര്‍ത്തനങ്ങള്‍, മതി ഭരണകൂട വിദ്വേഷം. മൂന്നാംകിട നേതാക്കന്‍മാരുള്ള ഒന്നാംകിട രാജ്യങ്ങള്‍ എന്ന പേരുദോഷം മാറ്റാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കൂ ”

ഇനിയൊരു ഗുര്‍മെഹര്‍ കൗര്‍ ഇവിടെ പുനര്‍ജനിക്കാതിരിക്കട്ടെ…. തിരിച്ചറിയാവുകുന്ന പ്രായത്തിനു മുന്‍പെ അച്ഛനെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ ഇനിയിവിടെ ഉണ്ടാവാതിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് ഹാഷ് പ്രൊഫൈല്‍ ഫോര്‍ പീസ് എന്ന പ്ലക്കാര്‍ഡും കാട്ടിയാണ് ഗുര്‍മെഹറിന്റെ യുദ്ധവിരുദ്ധ വീഡിയോ അവസാനിക്കുന്നത്.