സംഭാല്‍: മസ്ജിദില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിന് മസ്ജിദ് ഇമാമിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി സംഭാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്. സംഭാല്‍ മസ്ജിദിന് സമീപമുള്ള കോട് ഗാര്‍വി മേഖലയിലെ അനാര്‍ വാലി മസ്ജിദിലാണ് സംഭവം.
സംഭാല്‍: മസ്ജിദില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിന് മസ്ജിദ് ഇമാമിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി സംഭാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്. സംഭാല്‍ മസ്ജിദിന് സമീപമുള്ള കോട് ഗാര്‍വി മേഖലയിലെ അനാര്‍ വാലി മസ്ജിദിലാണ് സംഭവം.
മസ്ജിദ് ഇമാമിന് ഉച്ചഭാഷിണി ഉപയോഗിച്ചുവെന്ന കാരണത്താല്‍ രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
പള്ളിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെ തുടര്‍ന്ന് കേസില്‍ നടപടിയെടുക്കുകയായിരുന്നുവെന്നാണ് സംഭാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദന മിശ്ര അറിയിച്ചത്. കേസില്‍ ഇമാമിന് പിഴയും ജാമ്യവും അനുവദിച്ചതായും മജിസ്‌ട്രേറ്റ് അറിയിക്കുകയായിരുന്നു.
മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം അടുത്ത ആറ് മാസത്തേക്ക് മസ്ജിദിന്റെ മേല്‍നോട്ടങ്ങളില്‍ നിന്നും സമാനമായ മറ്റ് പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഇമാമിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
സംഭാല്‍ ഷാഹി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചേതിനെ തുടര്‍ന്ന് സംഭാലിലെ സാഹചര്യങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്തുതന്നെയുള്ള മസ്ജിദില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിന്റെ പേരില്‍ നടപടി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 24ന് ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ മുഗള്‍ ഭരണകാലത്തെ ഷാഹി ജുമാ മസ്ജിദിന്റെ സര്‍വേയ്ക്കിടെയാണ് സംഘര്‍ഷമുണ്ടാവുന്നത്.
നവംബര്‍ 19ന് കോടതി ഉത്തരവിട്ട ഷാഹി ജുമാ മസ്ജിദിന്റെ സര്‍വേയെ തുടര്‍ന്ന് സംഭാലില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ സ്ഥലത്ത് മുമ്പ് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഹരജിയെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
ഹരജിക്ക് പിന്നാലെ നവംബര്‍ 24 ന് മുഗള്‍ കാലഘട്ടത്തിലെ മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നു. പരിശോധനക്കിടെ കല്ലേറുണ്ടാവുകയും 5 പേര്‍ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlight: A loudspeaker was used in the mosque; The magistrate fined the imam two lakhs