തോറ്റിട്ടും റെക്കോഡ്; തകര്‍പ്പന്‍ നേട്ടവുമായി ആഴ്സണല്‍ യുവതാരം
Sports News
തോറ്റിട്ടും റെക്കോഡ്; തകര്‍പ്പന്‍ നേട്ടവുമായി ആഴ്സണല്‍ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th December 2023, 2:21 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ആസ്റ്റണ്‍ വില്ലയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. മത്സരം തോറ്റെങ്കിലും ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആഴ്സണലിന്റെ ഇംഗ്ലണ്ട് യുവതാരം ബുക്കായോ സാക്ക.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സാക്കയുടെ 150 മത്സരമായിരുന്നു ഇത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഈ ഇംഗ്ലീഷ് താരത്തെ തേടിയെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ യുവതാരം എന്ന അവിസ്മരണീയ നേട്ടമാണ് ബുക്കായോ സാക്ക സ്വന്തം പേരില്‍ കുറിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 150 മത്സരങ്ങള്‍ കളിച്ച യുവതാരങ്ങള്‍ താരം, പ്രായം എന്നീ ക്രമത്തില്‍

വെയ്ന്‍ റൂണി-21
സെസ്‌ക് ഫാബ്രിഗാസ്-21
ജെയിംസ് മില്‍നര്‍-21
റഹീം സ്റ്റെര്‍ലിങ്-22
ബുക്കായോ സാക്ക-22

സാക്ക ഈ സീസണില്‍ ഗണേഴ്‌സിന് വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്. നിലവില്‍ ഈ സീസണില്‍ എട്ട് ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് സാക്കയുടെ അക്കൗണ്ടില്‍ ഉള്ളത്.

ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-4-1-1 എന്ന ഫോര്‍മേഷനിലാണ് ആസ്റ്റണ്‍ വില്ല കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയായിരുന്നു ഗണ്ണേഴ്‌സ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ ജോണ്‍ മഗ്ലിനിലാണ് ആസ്റ്റണ്‍ വില്ലയുടെ വിജയഗോള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാന്‍ ആഴ്സണല്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധം മറികടക്കാന്‍ ആയില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ആസ്റ്റണ്‍ വില്ല സ്വന്തം ആരാധകരുടെ മുന്നില്‍ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.

തോറ്റെങ്കിലും പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ 16 മത്സരങ്ങളില്‍ നിന്നും 11 വിജയവും മൂന്നു സമനിലയും രണ്ടു തോല്‍വിയും അടക്കം 36 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്‌സണല്‍.

ചാമ്പ്യന്‍സ് ലീഗ് ഡിസംബര്‍ 12ന് പി.എസ്.വിക്കെതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.

content highlights: A losing record; Arsenal youngster Saka has made a breakthrough