മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ അക്കാദമിക ബുദ്ധിജീവികളുടെ മേച്ചില്‍ പുറമാകുമ്പോള്‍
Opinion
മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ അക്കാദമിക ബുദ്ധിജീവികളുടെ മേച്ചില്‍ പുറമാകുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2012, 10:53 am

അക്കാദമിക്കുള്ളിലാണെങ്കില്‍ പലതരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ടതിനുശേഷം മാത്രമേ പ്രബന്ധങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളൂ. അക്കാദമിക പരിശീലനം സിദ്ധിക്കാത്ത ഒരു പത്രാധിപരെ ഇത് വച്ചു കബളിപ്പിക്കാനായേക്കാം, പക്ഷെ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ഇതിനു സാധിക്കില്ല എന്നതാണ് വസ്തുത


എസ്സേയ്‌സ് / ടി. അനീഷ്


സിവില്‍ സമൂഹത്തിന്റെ ആശയരൂപീകരണത്തില്‍ മുഖ്യധാരാപ്രസിദ്ധീകരണങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജനതയുടെ നിലപാടുകളെ ഉറപ്പിച്ചുനിര്‍ത്തുന്നതിലും ഓരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് അവയെ പുനഃക്രമീകരിക്കുന്നതിലും ഇവ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.[]

വ്യവസ്ഥിതിക്കെതിരെ അയഞ്ഞ വിമര്‍ശനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ തന്നെ, ഈ പ്രസിദ്ധീകരണങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ ഭരണകൂടാധികാരത്തിന്റെ രക്ഷാകവചമായും പ്രവര്‍ത്തിക്കുന്നു. എങ്കിലും പൊതു ജീവിതവുമായി ജൈവബന്ധം നിലനിര്‍ത്തുന്ന, സാംസ്‌കാരിക നായകരെന്നു വ്യവഹരിക്കപ്പെടുന്ന, ബുദ്ധിജീവികളുടെ ഒരു നിരയാണ് സാധാരണ ഗതിയില്‍ ഇവയിലെ സംവാദങ്ങളെ സജീവമാക്കുന്നത്.

ബുദ്ധിജീവികള്‍ പ്രത്യയശാസ്ത്ര നിലപാടുകളെ പ്രായോഗിക സന്ദര്‍ഭങ്ങളുമായി കൂട്ടിച്ചേര്‍ത്തുവായിക്കുകയും അവയുടെ വ്യാഖ്യാനങ്ങള്‍കൊണ്ട് ജനങ്ങളുടെ അവബോധത്തെ നവീകരിക്കുകയും ചെയ്യുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം നവോത്ഥാന ജീവിതാവബോധം സ്വാംശീകരിക്കാനും പുരോഗമനപരമായ ഒരു കാഴ്ചപ്പാടിലേക്ക് കണ്‍ തുറക്കാനും പ്രേരണയായ സാമൂഹിക സംഭവവികാസങ്ങള്‍ക്കൊപ്പം അവ ഉണര്‍ത്തിവിട്ട മൂല്യബോധത്തെ ത്വരിതപ്പെടുത്താന്‍ സഹായകമായ പ്രസിദ്ധീകരണങ്ങള്‍ നിരവധിയാണ്.

മലയാളികളുടെ രാഷ്ട്രീയ ജീവിതത്തെ സാഹിത്യവും കലയും എല്ലാം ശക്തമായി സ്വാധീനിച്ചു വന്നിരുന്നതിനാല്‍ സര്‍ഗാത്മക സാഹിത്യകാരന്മാരും സാഹിത്യ വിമര്‍ശകരുമൊക്കെയാണ് ബുദ്ധിജീവികളായി കരുതപ്പെട്ടുപോന്നത്. ശാസ്ത്രജ്ഞരോ സാമ്പത്തിക വിദഗ്ധരോ അക്കാദമിക ബുദ്ധിജീവികളോ നമ്മുടെ പൊതുസമൂഹത്തിന്റെ വിചാരധാരയെ വേണ്ടത്ര സ്വാധീനിച്ചിട്ടില്ല.

ജൈവ/പൊതു ബുദ്ധിജീവികള്‍ എന്ന നിലയില്‍ ജനനേതാക്കള്‍ കേരളീയ സമൂഹത്തെ കൂടുതല്‍ രാഷ്ട്രീയോന്മുഖമാക്കുന്നതിനും സാമൂഹിക ജീവിതാവബോധത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രേരണ ചെലുത്തിയിട്ടുണ്ട്. എന്നാല്‍ പൊതുജീവിതവുമായി വലിയ ബന്ധം പുലര്‍ത്താത്ത, ജനസാമാന്യത്തെ കണക്കിലെടുക്കാത്ത, ഭാഷയും കാഴ്ചപ്പാടുംകൊണ്ട് അറിവിന്റെ അധികാരത്തെ സംബന്ധിച്ച ജനാധിപത്യവിരുദ്ധമായ നിലപാടുകള്‍ മനസ്സിലുറച്ചുപോയ ചില അക്കാദമിക ബുദ്ധിജീവികള്‍ ഈ രംഗം അടക്കിവാഴുന്ന കാഴ്ച അടുത്തകാലത്തായി കണ്ടുവരുന്നു.

മലയാളത്തിലെ പ്രധാന മുഖ്യധാരാപ്രസിദ്ധീകരണങ്ങളില്‍ അടുത്തകാലത്തുണ്ടായ വലിയൊരു മാറ്റമാണ് അക്കാദമിക ബുദ്ധിജീവികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രാമൂഖ്യം. ഗവേഷണ പര്യവേഷണങ്ങളിലൂടെ ആര്‍ജ്ജിച്ചിട്ടുള്ള ജ്ഞാനത്തെ ജനകീയമാക്കുക എന്ന സ്വീകാര്യമായ ഒരു തലം ഇതിനുണ്ടെങ്കിലും ഇവരെ ഉപയോഗിച്ചു സെന്‍സേഷണലായ വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് പത്രാധിപന്മാര്‍ ശ്രമിച്ചുവരുന്നത്.

മലയാളം പ്രസിദ്ധീകരണങ്ങളില്‍ ഇവരെഴുതുന്ന പ്രബന്ധങ്ങള്‍ക്ക് പൊതുവേ അക്കാദമികമായ കരുതലില്ല എന്നത് നമുക്ക് മാറ്റിനിര്‍ത്താം. എങ്കിലും അന്റോണിയോ ഗ്രാംഷി നിര്‍വചിക്കുന്ന തരത്തില്‍പ്പെട്ട “സാമ്പ്രദായിക ബുദ്ധിജീവികളുടെ” ഒന്നാംതരം തര്‍ജ്ജമക്കാരായിമാത്രം ഇവര്‍ മാറുന്നു എന്നുള്ളതാണ് ദുരന്തം. ജൈവ/പൊതു ബുദ്ധിജീവികളെപോലെ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള നിരന്തരം ബന്ധം നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കാത്തതിനാല്‍ പൊതുജീവിതത്തില്‍ നിന്നല്ല ഇവര്‍ ഉദാഹരണങ്ങളും വ്യാഖ്യാനങ്ങളും കണ്ടെത്തുന്നത്, മറിച്ച്, നേരത്തേ പറഞ്ഞ സാമ്പ്രദായിക ബുദ്ധിജീവികളുടെ ഉദ്ധരണികളില്‍ നിന്നാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജെ.ദേവിക എഴുതിയ “ജനങ്ങളും കാണികളും” എന്ന ലേഖനം (പുസ്തകം 90, ലക്കം 25) ഇതിന് മകുടോദാഹരണം ആണ്. സി.പി.ഐ.എമ്മിന്റെ പാര്‍ട്ടിഘടനയെ വിലയിരുത്തുന്ന ദേവികയ്ക്ക് തന്റെ ലേഖനത്തില്‍ ഉടനീളം യൂറോപ്യന്‍ ഭരണകൂടങ്ങളുടെ പരിണാമങ്ങളെക്കുറിച്ചെഴുതിയ എറിക് റിംഗ്മറെ ഉദ്ധരിക്കേണ്ടിയും ഉപജീവിക്കേണ്ടിയും വരുന്നു. റിംഗ്മര്‍ കേരളത്തില്‍ (പൊതുവെയും) അത്രയൊന്നും പരിചിതനല്ലാത്ത നിലയില്‍ അക്കാദമിക വ്യായാമം എന്നനിലയിലെ ഇതിനു പ്രസക്തി ഉള്ളൂ. പാണ്ഡിത്യപ്രദര്‍ശനപരതയോട് കൂടിയ തര്‍ജ്ജമ എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഈ പ്രബന്ധത്തിനില്ല എന്നും പറയാതെ വയ്യ.

Ringmar Eric.(1998) “Nationalism: The idiocy of Intimacy”, The British Journal of Sociology, 49(4): 534-549. എന്നിങ്ങനെ റഫറന്‍സ് നല്‍കുന്നതിനുപകരം ഈ ലേഖനത്തിന്റെ പ്രധാന തലക്കെട്ട് (Nationalism) ഒഴിവാക്കി ഉപശീര്‍ഷകം (The idiocy of intimacy) മാത്രം ഗ്രന്ഥസൂചിയായി നല്‍കിയത് തന്നെ സംശയാസ്പദം ആണ്. ഒരു ഇംഗ്ലീഷ് പ്രബന്ധത്തെ ഉപജീവിച്ചു ഇപ്രകാരം മലയാളത്തില്‍ ഒരു ലേഖനം പിറന്നത് കാണുമ്പോള്‍ എത്ര ലാഘവത്തോടെയാണ് മലയാളത്തിലെ ഇവരുടെ ബൗദ്ധിക വ്യവഹാരം നിര്‍വ്വഹിക്കപ്പെടുന്നത് എന്നതില്‍ അത്ഭുതം കൂറുകയേ തരമുള്ളൂ!

അക്കാദമിക ബുദ്ധിജീവികളുടെ ബൗദ്ധികമേധാവിത്വം പത്രാധിപരുടെ എഡിറ്റിംഗ് മേശയെ വെറും കാഴ്ച്ചവസ്തുവാക്കി മാറ്റുന്നു! “ടി.പി.ചന്ദ്രശേഖരന്‍ വധം ഉയര്‍ത്തുന്ന ചില ചോദ്യങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങാന്‍ എറിക്ക്‌റിംഗ്മര്‍ തന്നെ മാര്‍ഗ്ഗം തുറക്കേണ്ടി” വരുന്നത് അറിവധികാരത്തെക്കുറിച്ചുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട അക്കാദമിക ബോധത്തില്‍ നിന്നാണ്.

ഒരു പൊതുബുദ്ധിജീവിക്ക് സവിശേഷ രാഷ്ട്രീയ സാഹചര്യത്തെ വിശദീകരിക്കാന്‍ ഇതുപോലുള്ള ദുസ്സാമര്‍ത്ഥ്യം ആവശ്യം വരികയില്ല. അക്കാദമിക്കുള്ളിലാണെങ്കില്‍ പലതരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ടതിനുശേഷം മാത്രമേ പ്രബന്ധങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളൂ. അക്കാദമിക പരിശീലനം സിദ്ധിക്കാത്ത ഒരു പത്രാധിപരെ ഇത് വച്ചു കബളിപ്പിക്കാനായേക്കാം, പക്ഷെ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ഇതിനു സാധിക്കില്ല എന്നതാണ് വസ്തുത.

ഇ.എം.എസ്സിനോ എം.എന്‍.വിജയനെപ്പോലുള്ളവര്‍ക്കോ ഇത് സാധിച്ചിരുന്നതിനു കാരണം ജനജീവിതത്തെ സിദ്ധാന്തമായി വളര്‍ത്തിയെടുത്ത് സ്വന്തം വിചാരധാരയെ അവര്‍ കാലികമാക്കിയത് കൊണ്ടാണ്. അല്ലാതെ, ദേവിക പ്രഭൃതികളെപ്പോലെ സൈദ്ധാന്തികരുടെ ഉദ്ധരണിക്കൊത്ത് (ഇവിടെ ഒരു രാഷ്ട്രീയ സംഘടനാ സംവിധാനത്തെ) വ്യാഖ്യാനിക്കുക വഴി ആയിരുന്നില്ല. മുഖ്യധാരാമാധ്യമങ്ങള്‍ അക്കാദമിക ബുദ്ധിജീവികളെ ഇത്തരത്തില്‍ എഴുന്നള്ളിക്കുന്നതിന്റെ താല്‍പര്യങ്ങള്‍ പലതാണ്.

പോസ്റ്റ് മോഡേണിസത്തെ ആര്‍ക്കാണ് പേടി (മലയാളം വാരിക, 1997) എന്ന ലേഖനത്തില്‍ മലയാളത്തിലെ ബൗദ്ധികവ്യാപാരത്തിന്റെ അവസ്ഥാന്തരങ്ങളെ കുറിച്ചു പ്രമുഖ അക്കാദമീഷ്യനായ നിസാര്‍ അഹമ്മദ് പരിഹസിച്ചെഴുതിയത് ഇവിടെ ഓര്‍ക്കാം. അറിവധികാരത്തെ മുന്‍നിര്‍ത്തി അക്കാദമിക ബുദ്ധിജീവികള്‍ സജീവമാകുന്നതിലൂടെ ഉണ്ടാക്കുന്ന മാറ്റം പൊതുസമൂഹത്തിനു ഗുണകരമാകുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

സി.പി.ഐ.എമ്മിന്റേത് ഒരു അധോലോക സമ്പദ്ക്രമമാണെന്ന് പറയാന്‍വേണ്ടി രഘു വിഖ്യാത സാമൂഹിക ശാസ്ത്രകാരനും കാള്‍ മാക്‌സിന്റെ വിമര്‍ശകനുമായ മാക്‌സ് വെബറെ ആവാഹിച്ചു വിളിച്ചുവരുത്തുകയും അദ്ദേഹത്തിന്റെ ബാധയെ ഒരു ആണിയിലും തറയ്ക്കാനാവാതെ ഉഴലുകയും ചെയ്യുന്നതിന്റെ ചിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 90, ലക്കം 14 ല്‍ കാണാം

സനല്‍ വി. എഴുതിയ “കൊല്ലലിനോട് പ്രതികരിക്കേണ്ടത് എങ്ങനെ?” എന്ന ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 90, ലക്കം 25) നോക്കുക. ഗവേഷകന്റെ വസ്തുനിഷ്ഠഗവേഷണ ബുദ്ധി എല്ലായ്‌പ്പോഴും ശരിയായ അര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെട്ടുകൊള്ളണം എന്നില്ല. ലേഖകന്റെ തത്വചിന്താപരമായ നിലപാടുകള്‍ ഉദ്ദേശിച്ച രീതിയില്‍ വായനക്കാരില്‍ പ്രക്ഷേപിക്കപ്പെടണം എന്നുമില്ല.

“ഗാന്ധിജിയുടെ കൊല ആധുനിക നീതിയുടെ സൗന്ദര്യശാസ്ത്രത്തിനൊത്ത് ലക്ഷണമൊത്ത കൊലയാണെന്ന” വാദിക്കുന്നതിന്റെ കറുത്ത ചിരി, കേരളീയ സമൂഹത്തില്‍ ആശയകാലുഷ്യം ഉണ്ടാക്കാനേ സഹായിക്കുള്ളൂ. സാമൂഹ്യമായ ഒരു മാറി നില്‍പ്പിലൂടെ ഗവേഷണ വിഷയത്തെ കൈകാര്യം ചെയ്യുന്ന അക്കാദമിക രീതി ഉപയോഗിച്ച് ഇതുപോലൊരു രാഷ്ട്രീയ സന്ദര്‍ഭത്തെ വിശദീകരിക്കുമ്പോള്‍ അത് നേരംപോക്കിനുള്ള കേവലം അക്കാദമിക വ്യായാമമാകുന്നു.  ഇതിലെ തത്വചിന്താപരമായി അവതരിപ്പിക്കുന്ന കറുത്ത ഹാസ്യം മനുഷ്യന്റെ ആന്തരിക ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്നു.

മലയാളികളുടെ പൊതുജീവിതത്തെ നിരന്തരമായ ഇടപെടലുകളിലൂടെ സജീവമാക്കുന്ന സക്കറിയയും ആനന്ദും അടക്കമുള്ള ജൈവബുദ്ധിജീവികളോടുള്ള പരിഹാസമായും അത് മാറുന്നുണ്ട്. അക്കാദമിയ്ക്കകത്തെ സകലമാന സുരക്ഷിതത്വവും സൗകര്യങ്ങളും അനുഭവിച്ചാണ് ഇത്തരം തത്വചിന്ത ഉന്നയിച്ചു പരിഹസിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

മധ്യകാലസഭ= സി.പി.ഐ.എം; മതദ്രോഹവിചാരണ= അച്ചുതാനന്ദന്‍ അനുഭവിക്കുന്ന അച്ചടക്കനടപടി എന്ന സമവാക്യം മതദ്രോഹ വിചാരണയെ ലഘൂകരിച്ച് കാണിക്കാനേ ഉതകുന്നുള്ളൂ

മറ്റൊരു ഗവേഷക പണ്ഡിതനായ ജെ.രഘുവിന്റെ അക്കാദമിക വ്യായാമം പലപ്പോഴും വേഷം കെട്ടല്‍ മാത്രമായിത്തീരുന്നു. സി.പി.ഐ.എമ്മിന്റേത് ഒരു അധോലോക സമ്പദ്ക്രമമാണെന്ന് പറയാന്‍വേണ്ടി രഘു വിഖ്യാത സാമൂഹിക ശാസ്ത്രകാരനും കാള്‍ മാക്‌സിന്റെ വിമര്‍ശകനുമായ മാക്‌സ് വെബറെ ആവാഹിച്ചു വിളിച്ചുവരുത്തുകയും അദ്ദേഹത്തിന്റെ ബാധയെ ഒരു ആണിയിലും തറയ്ക്കാനാവാതെ ഉഴലുകയും ചെയ്യുന്നതിന്റെ ചിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 90, ലക്കം 14 ല്‍ കാണാം.

മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക് പ്രൊട്ടസ്റ്റന്റ് മതത്തിന്റെ എത്തിക്‌സ് സഹായകമായി എന്ന വെബറിന്റെ നിരീക്ഷണത്തെ കൂട്ട് പിടിക്കുന്ന രഘു, കേരളത്തിലെ സി.പി.ഐ.എമ്മിന്റെ വളര്‍ച്ചയെ ആ പാര്‍ട്ടിയില്‍ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തുന്ന മുതലാളിത്തവല്‍ക്കരണവുമായി കൂട്ടി ഇണക്കി വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിലെ നിരര്‍ത്ഥകത പെട്ടെന്ന് തിരിച്ചറിഞ്ഞു എന്നോണം തന്റെ പ്രബന്ധത്തെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയില്‍ വാചക കസര്‍ത്താക്കി മാറ്റി പിന്‍വലിയുകയും ചെയ്യുന്നു.

“യൂറോപ്യന്‍ ക്ലാസിക്കല്‍ മുതലാളിത്തത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക സ്വഭാവങ്ങള്‍ ഇല്ലാത്ത സി.പി.ഐ.എമ്മിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അതിനാല്‍ എങ്ങനെയാണ് നിര്‍വചിക്കുക?” എന്നദ്ദേഹം ഒരിടത്ത് അന്താളിക്കുകയും ചെയ്യുന്നു. “മതദ്രോഹവിചാരകരുടെ മാര്‍ക്‌സിസം” എന്ന മറ്റൊരു ലേഖനത്തില്‍ വി.എസ്. അച്യുതാന്ദന്‍ സി.പി.എമ്മിനുള്ളില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായഭിന്നതയോടുള്ള പാര്‍ട്ടിയുടെ പ്രതികരണത്തെ മധ്യകാലമതദ്രോഹവിചാരണയോട് കൂട്ടി കെട്ടാന്‍ പാടുപെടുന്നുണ്ട്.

മധ്യകാലസഭ=സി.പി.ഐ.എം; മതദ്രോഹവിചാരണ=അച്ചുതാനന്ദന്‍ അനുഭവിക്കുന്ന അച്ചടക്കനടപടി എന്ന സമവാക്യം മതദ്രോഹ വിചാരണയെ ലഘൂകരിച്ച് കാണിക്കാനേ ഉതകുന്നുള്ളൂ. അച്യുതാനന്ദന്‍ ഇന്നും ജീവനോടെ സി.പി.എമ്മില്‍ ഉണ്ട് എന്നതുതന്നെ കാരണം. ഇത്തരം അക്കാദമിക വ്യായാമങ്ങള്‍ കൊണ്ട് മലയാളികളുടെ ചിന്താശരീരത്തിലെ മേദസ്സ് കുറയുമോ എന്തോ?

മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ ഇത്തരം ബൗദ്ധിക വ്യാപാരത്തിന്റെ ഏജന്‍സികളായി തീര്‍ന്നിരിക്കുന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാവുന്ന കാര്യം. ഈ ഒരു സാഹചര്യം മറ്റൊരു തരത്തിലുള്ള ഫാസിസ്റ്റ് പ്രവണതയെയാണ് വെളിപ്പെടുത്തുന്നത് എന്നും കാണാം. ജനാധിപത്യത്തെക്കുറിച്ചു ഫാസിസ്റ്റ് അധികാരത്തിന്റെ ഭാഷയില്‍ സംസാരിക്കാനാവും എന്നതോടൊപ്പം തന്നെ കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അതിനെ നന്നായി വില്‍ക്കാനും കഴിയും എന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്.

എമര്‍ജിംഗ് പുഴുവിന്റെ ദുരന്തം ഒരു ഫലിതമായി മാറുന്ന “പരിസ്ഥിതി ബോധം” (മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ-ലക്കം കവര്‍ പേജ് കാണുക) എമര്‍ജിംഗ് കേരള എന്ന വിവാദ വികസന ചര്‍ച്ച ആരംഭിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം ഇറങ്ങുന്ന ലക്കത്തില്‍ തന്നെ ആകുന്നതും വിപണിയെ ലക്ഷ്യം വെച്ച് തന്നെ.

ബൗദ്ധിക വ്യാപാരത്തിന്റെ ഏജന്‍സിപ്പണി പൊടിപൊടിക്കാന്‍ സമൂഹത്തിന്റെ ഭാവുകത്വപരിണമാങ്ങളുടെ പ്രധാന സൂചകമായ സാഹിത്യത്തെ അവഗണിക്കുന്നതും ഈ പ്രസിദ്ധീകരണങ്ങളുടെ മുഖമുദ്രയായിട്ടുണ്ട്. വിപണി താല്‍പര്യങ്ങളെ പരിപോഷിക്കുന്നതിനോടൊപ്പം പൊതു വിചാരങ്ങളില്‍ നിന്ന് ജൈവബുദ്ധിജീവികളെ അകറ്റുക വഴി അരാഷ്ട്രീയവല്‍ക്കരണത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കാനാകുമെന്ന് ഇവര്‍ക്ക് കൃത്യമായി അറിയാം.