അഫ്ഗാനിസ്ഥാനെതിരായ അവസാന ടി-20യില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് സമനില പിടിച്ച അഫ്ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറിലും 16 റണ്‍സിന്റെ സമനില കണ്ടെത്തി. എന്നാല്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 11 റണ്‍സ് മറികടക്കാനാവാതെ അഫ്ഗാനിസ്ഥാന്‍ തോല്‍വി വഴങ്ങുകയായിരുന്നു.
മത്സരത്തില്‍ രോഹിത് ശര്‍മയോടൊപ്പം ടീമിന് മികച്ച കൂട്ടുകെട്ട് നല്‍കിയ റിങ്കു സിങ്ങിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ എ.ബി.ഡി. വില്ലിയേഴ്‌സ്. അതിശയിപ്പിക്കുന്ന കളിക്കാരന്‍ എന്നാണ് റിങ്കുവിനെ വില്ലിയേഴ്‌സ് വിശേഷിപ്പിച്ചത്. സ്ഥിരതയുള്ള താരത്തിന്റെ പ്രകടനം വലിയ പ്രശംസ അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘റിങ്കു ഒരു മികച്ച കളിക്കാരനാണ്, ഒരു ഗെയിം ചേഞ്ചര്‍. അവന്റെ വര്‍ധിച്ചുവരുന്ന സ്ഥിരത കാണുന്നതില്‍ സന്തോഷമുണ്ട്. ഒരു കളിക്കാരന്‍ എപ്പോഴും സ്ഥിരത പുലര്‍ത്താനും ടീമിനായി മത്സരങ്ങള്‍ വിജയിപ്പിക്കാനും ശ്രമിക്കണം,’ ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
തുടക്കത്തില്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രോഹിത് കര കയറ്റിയിരുന്നു. 69 പന്തില്‍ 121 റണ്‍സ് നേടി മികച്ച പ്രകടനമാണ് രോഹിത് നടത്തിയത്. മധ്യ നിരയില്‍ ഇറങ്ങിയ റിങ്കു 39 പന്തില്‍ നിന്ന് ആറ് സിക്‌സറുകളും രണ്ട് ബൗണ്ടറികളും അടക്കം 69 റണ്‍സാണ് അടിച്ചെടുത്തത്. 176.92 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മധ്യ നിരയില്‍ റിങ്കു നിര്‍ണായക റോള്‍ അത്യുഗ്രനായിട്ടാണ് നിറവേറ്റിയത്. കഴിഞ്ഞ ടി-20 പരമ്പരമ്പരകളില്‍ നിന്നും റിങ്കു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അഫ്ഗാനിസ്ഥാനെതിരായ അവസാന ഓവറുകളില്‍ സിക്‌സറുകള്‍ പറത്തി റിങ്കു ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. തന്റെ മികച്ച പ്രകടനത്താല്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പ് ടീമില്‍ റിങ്കു ഇടം നേടുമെന്നത് തീര്‍ച്ചയാണ്.