national news
അമരാവതിയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് 77കാരിയെ മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 18, 08:13 am
Saturday, 18th January 2025, 1:43 pm

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് 77 കാരിയായ സ്ത്രീയെ മർദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. വയോധികയുടെ ശരീരത്തിൽ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെക്കുകയും ചെയ്തു.

കഴിഞ്ഞ ഡിസംബർ 30ന് നടന്ന സംഭവത്തിൽ ജനുവരി ആദ്യ വാരം തന്നെ പരാതി നൽകിയിരുന്നെങ്കിലും കാര്യമുണ്ടായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് വയോധികയുടെ മകനും മരുമകളും നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ചു.

ചിക്കൽധാര താലൂക്കിലെ റെത്യഖേഡ ഗ്രാമവാസിയാണ് ആക്രമണത്തിനിരയായത്. ജില്ലാ കളക്ടർക്കും പൊലീസ് സൂപ്രണ്ടിനും അയച്ച കത്തിൽ, ഡിസംബർ 30 ന് വയോധിക വീട്ടിൽ തനിച്ചായിരുന്നപ്പോൾ അയൽവാസികൾ അവരെ ആക്രമിക്കുകയായിരുന്നെന്ന് പറയുന്നു. മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വയോധികയെ അയൽവാസികൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

ഗ്രാമവാസികൾ വയോധികയെ മരത്തടി കൊണ്ട് മർദ്ദിക്കുകയും അവരുടെ കൈകളിലും കാലുകളിലും ചൂടുള്ള ഇരുമ്പ് ദണ്ഡുകൾ കൊണ്ട് പൊള്ളിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

വയോധികയെ നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും നായയുടെ വിസർജ്ജ്യം കഴിപ്പിക്കുകയും തുടർന്ന് കഴുത്തിൽ ചെരിപ്പ് മാല ചാർത്തി പ്രദക്ഷിണം നടത്തുകയും ചെയ്തു. ജനുവരി അഞ്ചിനാണ് സംഭവ സമയത്ത് ജോലിക്ക് പോയിരുന്ന മകനും മരുമകളും സംഭവം അറിയുന്നത്. ഉടൻ തന്നെ അവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

സംഭവം ഗുരുതരമാണെന്നും പരാതിക്കാർ വെള്ളിയാഴ്ച തന്നോട് സംസാരിച്ചതായും അമരാവതി പൊലീസ് സൂപ്രണ്ട് വിശാൽ ആനന്ദ് പറഞ്ഞു.

‘ഗ്രാമം വനത്തിൻ്റെ ഉൾപ്രദേശത്താണ്. സംഭവം പരിശോധിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അയച്ചിട്ടുണ്ട്. അതനുസരിച്ച് നടപടിയെടുക്കും. ആദ്യം പരാതി നൽകിയ സമയത്ത് പൊലീസ് സംഭവം മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

Content Highlight: 77-Year-Old Woman Thrashed, Forced to Drink Urine and Burned With Hot Rod On Suspicion Of Black Magic in Amravati