ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഡിസംബര്‍ അഞ്ചിന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ഇന്ന് നടന്നത്.
സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തിയെന്നത് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.
നേരത്തെ തന്നെ താങ്ങുവിലയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും അവ ഉത്തരവായി ഇറക്കാനും സര്‍ക്കാര്‍ തയ്യാറാകുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതോടെ കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ.
എന്നാല്‍ ചര്‍ച്ചക്ക് മുന്‍പേ തന്നെ കേന്ദ്രത്തിന്റെ ഈ നീക്കത്തെ കര്‍ഷകര്‍ തള്ളിയിരുന്നു.
ഇത് നാലാം വട്ടമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാത്തതിനാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.
ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്.
അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.
ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറുകയായിരുന്നു.
എന്നാല്‍ രാജ്നാഥ് സിങ്ങുമായുള്ള കര്‍ഷകരുടെ ചര്‍ച്ച പാളിയപ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക