അയോധ്യയില്‍ മുസ്‌ലിം പള്ളികളില്‍ പന്നിയിറച്ചിയും ഖുറാന്റെയും കീറിയ പേജുകളും വലിച്ചെറിഞ്ഞ ഏഴ് പേര്‍ അറസ്റ്റില്‍
national news
അയോധ്യയില്‍ മുസ്‌ലിം പള്ളികളില്‍ പന്നിയിറച്ചിയും ഖുറാന്റെയും കീറിയ പേജുകളും വലിച്ചെറിഞ്ഞ ഏഴ് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th April 2022, 8:00 am

ലഖ്‌നൗ: അയോധ്യയില്‍ പള്ളിയില്‍ പന്നിയിറച്ചിയെറിഞ്ഞ സംഭവത്തില്‍ ഏഴ് സംഘരിവാര്‍ അനുകൂലികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മൂന്ന് പള്ളികളെ കേന്ദ്രീകരിച്ച് ഖുറാന്റെ കീറിയ പേജുകളും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും അടങ്ങിയ പോസ്റ്ററിലാണ് പന്നിയിറച്ചി പൊതിഞ്ഞെറിഞ്ഞത്.

താത്ഷാ ജുമാ മസ്ജിദ്, ഘോസിയാന മസ്ജിദ്, കശ്മീരി മൊഹല്ലയിലെ പള്ളി, ഗുലാബ് ഷാ ബാബ എന്നറിയപ്പെടുന്ന മസാര്‍ എന്നിവിടങ്ങളിലാണ് പന്നിയിറച്ചി എറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നാല് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മഹേഷ് കുമാര്‍ മിശ്ര, പ്രത്യുഷ് ശ്രീവാസ്തവ, നിതിന്‍ കുമാര്‍, ഗുഞ്ചന്‍ എന്ന ദീപക് കുമാര്‍ ഗൗര്‍, ബ്രിജേഷ് പാണ്ഡെ, ശത്രുഘ്‌നന്‍ പ്രജാപതി, വിമല്‍ പാണ്ഡെ എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. എല്ലാവരും അയോധ്യ ജില്ലയിലെ നിവാസികളാണ്. അറസ്റ്റിലായവര്‍ ‘ഹിന്ദു യോദ്ധ സംഗതന്‍’ എന്ന സംഘടനയില്‍ പെട്ടവരാണ്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

‘ക്രമസമാധാനനില പൂര്‍ണമായും നിയന്ത്രണവിധേയമാണ്, സംഭവത്തിന് ശേഷം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. നാല് പേര്‍ ഒളിവിലാണ്. അവരെ ഉടന്‍ അറസ്റ്റ് ചെയ്യും. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍, നഗരത്തിന്റെ സൗഹാര്‍ദപരമായ അന്തരീക്ഷവും സമാധാനപരമായ പാരമ്പര്യവും നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലായി,’ സീനിയര്‍ പൊലീസ് സൂപ്രണ്ട്(അയോധ്യ) ശൈലേഷ് കുമാര്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 295(ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയങ്ങളെ മലിനമാക്കുക), 295-എ(മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.