മഹാരാഷ്ട്ര: കടബാധ്യതയും വിളനാശവും കാരണം ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 639 കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായി മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍. നിയമസഭയില്‍ പ്രതിപക്ഷനേതാക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പാട്ടീല്‍ പുറത്തുവിട്ടത്.
2018 മാര്‍ച്ച് 1 നും മെയ് 31 നും ഇടയിലാണ് 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 188 പേര്‍ സര്‍ക്കാരിന്റെ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരായിരുന്നെന്നും 174 കുടുബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയെന്നും പാട്ടീല്‍ പറയുന്നു. 122 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 329 പേരുടെ കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Also Read എച്ച്.ഡി കുമാരസ്വാമിയ്ക്ക് ഇസ്രഈലില്‍വെച്ച് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണവും മരണപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയ കണക്കും പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്നും പ്രതിപക്ഷം ചോദിച്ചിരുന്നു.
കാര്‍ഷികാവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, വിള വായ്പ, മിനിമം സപ്പോര്‍ട്ട് വില (എംഎസ്പി), നഷ്ടപരിഹാരം തുടങ്ങി എല്ലാ സര്‍ക്കാര്‍ പദ്ധതികളും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് മുണ്ടെ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 13,000 കര്‍ഷകര്‍ ആണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1,500 പേര്‍ ആത്മഹത്യ ചെയ്‌തെന്നും അദ്ദേഹം നിയമസഭയില്‍ ആരോപിച്ചു.
Also Read പൊതുസ്ഥലങ്ങള്‍ കൈയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യയെ നിസാരവത്ക്കരിച്ചും പരിഹസിച്ചും ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി രംഗത്തെത്തിയിരുന്നു. പട്ടിണിയും ദാരിദ്ര്യവും കൊണ്ടോ തൊഴിലില്ലായ്മ കൊണ്ടോ അല്ല കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും മറിച്ച് ഒരു ഫാഷനും ട്രെന്‍ഡിനും വേണ്ടിയാണ് ഇത്തരം ആത്മഹത്യകളെന്നുമായിരുന്നു ഷെട്ടിയുടെ പരിഹാസം.
ബി.ജെ.പി എം.പി പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം അന്ന് ഉയര്‍ന്നിരുന്നു. അതേസമയം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് കര്‍ഷക ആത്മഹത്യ കുത്തനെയുയര്‍ന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.