national news
അഞ്ച് വർഷത്തിനിടെ വിദേശ രാജ്യങ്ങളിൽ മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ: വിദേശകാര്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 27, 08:39 am
Saturday, 27th July 2024, 2:09 pm

ന്യൂദൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 41 രാജ്യങ്ങളിലായി 633 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം കണക്കുകൾ പാർലമെന്റിൽ സമർപ്പിച്ചത്. പ്രകൃതി ദുരന്തങ്ങൾ , അപകടങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാണ് മരണത്തിന് പിന്നിലുള്ളതെന്നും മന്ത്രാലയം അറിയിച്ചു.

കാനഡയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതെന്ന് അടൂർ എം.പി കൊടിക്കുന്നിൽ സുരേഷിൻ്റെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. 172 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം ഇവിടെ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ 108 പേരും ബ്രിട്ടനിൽ 58 പേരും ഓസ്‌ട്രേലിയയിൽ 57 പേരും റഷ്യയിൽ 37 പേരും ജർമ്മനിയിൽ 24 പേരും മരിച്ചു. കേന്ദ്രം നൽകിയ കണക്കുകൾ പ്രകാരം ഒരു ഇന്ത്യൻ വിദ്യാർത്ഥി പാകിസ്ഥാനിലും മരിച്ചിട്ടുണ്ട്.

ആകെയുള്ളതിൽ 19 മരണങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് അക്രമം മൂലമാണെന്നാണ് റിപ്പോർട്ടുകൾ. അക്രമം മൂലമുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കാനഡയിലാണ്. ഒൻപത് മരണങ്ങൾ ഇവിടെയുണ്ടായി. അമേരിക്കയിയൽ ഇത്തരത്തിൽ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയ, ചൈന, യു.കെ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഒന്ന് വീതവും വിദ്യാർത്ഥികൾ ആക്രമണത്തിൽ മരിച്ചു.

അതേ സമയം ജനുവരി ഒന്ന് വരെ 101 രാജ്യങ്ങളിലായി 13.35 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ടെന്നും കേന്ദ്രം പറഞ്ഞു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് കാനഡയിൽ ആണ്. 4.27 ലക്ഷം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

യു.എസിൽ 3.37 ലക്ഷം, യു.കെയിൽ 1.85 ലക്ഷം, ഓസ്‌ട്രേലിയയിൽ 1.22 ലക്ഷം, ജർമനിയിൽ 42,997, യു.എ.ഇയിൽ 25,000, റഷ്യയിൽ 24,940 എന്നിങ്ങനെയാണ് വിദ്യാർത്ഥികളുടെ എണ്ണം.

Content Highlight: 633 Indian students died abroad in last five years, highest in Canada, Centre tells Parliament