Daily News
മാസപ്പടിക്കേസ്: ഇ.ഡി സമന്‍സ് റദ്ദാക്കണമെന്ന സി.എം.ആര്‍.എല്‍ എം.ഡിയുടെ ഹരജി തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 12, 10:24 am
Friday, 12th April 2024, 3:54 pm

തിരുവനനതപുരം: മാസപ്പടിക്കേസില്‍ ഇ.ഡി സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത നൽകിയ ഹരജി തള്ളി ഹൈക്കോടതി. കേസിൽ ഇടപെടാൻ ആകില്ലെന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഹാജരാകണമെന്ന് കാട്ടിയാണ് ഇ.ഡി ശശിധരന്‍ കര്‍ത്തക്ക് നോട്ടീസ് അയച്ചത്. ഇതിനെ പിന്നാലെയാണ് ഇ.ഡിയുടെ തുടർനടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചത്.

ഇതേ കേസില്‍ പല തരത്തിലുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇ.ഡിയുടെ അന്വഷണവും ആരംഭിച്ചത്.  കമ്പനി കുറ്റം ചെയ്‌തെന്ന് ഒരു അന്വേഷണ ഏജന്‍സിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഇ.ഡി നടപടി തടയണമെന്നാണ് അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടത്.

തന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നും ശശിധരന്‍ കര്‍ത്ത ആവശ്യപ്പെട്ടിരുന്നു. ഹരജിയില്‍ ഇടപെടരുതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം പ്രകാരം നിരവധി കുറ്റങ്ങള്‍ ഇതില്‍ നിന്ന് പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നതിനിടെയാണ് ഇ.ഡിയും കേസില്‍ ഇടപെടുന്നത്. ഇതിന് പിന്നാലെയാണ് സി.എം.ആര്‍.എല്‍ എം.ഡിക്ക് ഇ.ഡി നോട്ടീസ് അയച്ചത്.

Content Highlight: Masapadi case: HC rejects CMRL MD’s plea to quash ED summons