“ഇവിടെ ഏത് മീനില്ലെങ്കിലും കടലില്‍ പോയാല്‍ മത്തി കിട്ടുവായിരുന്നു. ഒരു ദിവസം മൂപ്പര് ഇവിടെയുണ്ടെങ്കില്‍ ഒരു ദിവസം മൂപ്പര് അപ്പുറത്തുണ്ടാവും. പക്ഷേ ഇപ്പം മത്തി പോലും കടലില്‍ കിട്ടാതായി. മത്തി ഇല്ലാണ്ടായാല്‍ പിന്നെ കടപ്പൊറം നശിച്ച്” കടലില്‍ മീനില്ല… പണ്ടൊക്കെ കടലൊക്കെ പൊളിഞ്ഞ് കാറ്റും മഴയും കഴിഞ്ഞ് കടലില്‍ പോയാല്‍ എന്തെങ്കിലും മീന്‍ ഉണ്ടാകായിരുന്നു. പക്ഷേ ഇന്ന് കടലില്‍ പോകുന്നത് തന്നെ പേടിയാണ് അങ്ങോട്ട് പോയിട്ട് എന്തിനാ………., 52 ദിവസം നീണ്ട് നിന്ന ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോള്‍ കൊയിലാണ്ടി കടപ്പുറത്തെ പരമ്പരാഗത മത്സ്യതൊഴിലാളിയായ രതീഷന്‍ ചോദിക്കുന്ന ചോദ്യമാണിത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് വന്‍കുതിച്ചു ചാട്ടമാണ് മത്സ്യബന്ധനമേഖലയിലെ വ്യവസായത്തിന് സംഭവിച്ചത്. എന്നാല്‍ ഈ കുതിച്ച് ചാട്ടം സാധാ തൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. കനത്ത കാലാവസ്ഥാമാറ്റങ്ങളും വലിയ ബോട്ടുകളുടെ അശാസ്ത്രീയമായ മത്സ്യബന്ധന രീതികളും ഈ തൊഴില്‍ മേഖലയെ നശിപ്പിക്കുകയാണ്.
കടുത്ത വറുതിയുടെ നാളിലൂടെയാണ് കടപ്പുറത്തെ ജീവിതങ്ങള്‍ തള്ളി നീക്കിയിരുന്നത്. അപ്രതീക്ഷിതമായി തുടര്‍ച്ചയായി വന്ന മഴയും, മുമ്പ് വീശിയടിച്ച ഓഖിയും ട്രോളിംഗ് നിരോധനത്തിനൊപ്പം മത്സ്യതൊഴിലാളികളെ പട്ടിണിയിലാക്കിയിരിക്കുകയാണ്.ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കുമ്പോഴും ഒട്ടും അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ ഇനിയും എത്രനാള്‍ തൊഴിലില്ലാതെ കഴിയേണ്ടി വരുമെന്നാശങ്കയിലാണ് തീരദേശത്തെ തൊഴിലാളികള്‍.
പൊതുവേ ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് പോകുന്നതിന് പ്രശ്നമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മാറി മാറി വരുന്ന കാലാവസ്ഥയും മത്സ്യത്തിന്റെ ലഭ്യതകുറവും പരമ്പരാഗത മത്സ്യതൊഴിലാളികളെയും പട്ടിണിയിലാക്കുകയാണ്.
സി.എം.എഫ്.ആര്‍.ഐയുടെ കണക്ക് പ്രകാരം മുപ്പതുലക്ഷം മത്സ്യബന്ധന തൊഴിലാളികളും നൂറ്റി പത്ത് ലക്ഷം അനുബന്ധ തൊഴിലാളികളും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം തീരദേശ മേഖലയില്‍ നിന്ന് 7.5 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ ഇന്ത്യയുടെ മത്സ്യമേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ 17 ശതമാനത്തിലധികവും കേരളത്തില്‍ നിന്നാണ്.
2015 -16 വര്‍ഷത്തെ കണക്കുപ്രകാരം മത്സ്യമേഖലയില്‍ നിന്ന് ഇന്ത്യയില്‍ ഉണ്ടായ കയറ്റുമതി വരുമാനം 37871 കോടി രൂപയാണ്. ഇതില്‍ 6000 കോടി രൂപയും കേരളത്തില്‍ നിന്നാണ്.രാജ്യത്തിന്റെ മൊത്തം ജി.ഡി.പിയുടെ 5.15 ശതമാനം മത്സ്യബന്ധന മേഖലയില്‍ നിന്നാണ്.
വിദേശമലയാളികള്‍ കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ വിദേശനാണ്യം എത്തിക്കുന്ന മേഖലയാണ് മത്സ്യബന്ധന മേഖല. പിടിച്ചെടുക്കുന്ന മീനുകളില്‍ നൂറുശതമാനവും വില്‍പന നടത്തുന്ന സ്ഥലം കൂടിയാണ് കേരളം. ഇതില്‍ പലതും നേരിട്ടുള്ള വ്യാപാരവും ആണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം 67.13 കോടി കിലോഗ്രാം മീനാണ് കേരളത്തില്‍ നിന്നും മാത്രം പിടിച്ചത്.
പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും കടലില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സ്യ തൊഴിലാളികള്‍ ഇന്നും പട്ടിണിയിലാണെന്നതാണ് സത്യം. കോടി കണക്കിന് വരുമാനം ഈ മേഖലയില്‍ നിന്ന് ലഭിക്കുമ്പോഴും കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാവുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുകയാണെന്നാണ് മത്സ്യതൊഴിലാളിയായ രതീഷന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
“”അമ്പത് വര്‍ഷത്തിലധികമായി ഞാന്‍ ഈ കടലില്‍ തൊഴിലെടുക്കാന്‍ തുടങ്ങിയിട്ട്. പക്ഷേ മത്സ്യതൊഴിലാളികളുടെ ജീവിതം ഇപ്പോഴും വലിയമാറ്റമില്ലാതെ തുടരുകയാണ്. മുമ്പ് കടലില്‍ തുഴവള്ളം കൊണ്ട് പോയിടത്ത് ചിലര്‍ ബോട്ടുകള്‍ കൊണ്ട് പോകുന്നു. അതില്‍ തന്നെ വ്യത്യാസങ്ങളുണ്ട്. പക്ഷേ ഇന്നും കടലില്‍ പോയിട്ട് എന്തെങ്കിലും കിട്ടിയിട്ടില്ലെങ്കില്‍ പത്തിരുപത്തിയ്യായിരം കടമാണ്”” രതീഷന്‍ പറയുന്നു.
മണ്ണെണ്ണ സബ്സിഡി ലഭിച്ചിട്ട് അഞ്ച് മാസം
മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ കുറവാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വരുത്തിയതെന്നാണ് കൊയിലാണ്ടി അരയ സമാജം സെക്രട്ടറി ബൈജു പറയുന്നത്.
മുമ്പ് മണ്ണെണ്ണക്കും ഡീസലിനുമെല്ലാം സബ്സിഡി തന്നിരുന്നത് ഒറ്റയടിക്കാണ് വെട്ടിച്ചുരുക്കിയത്. മുമ്പ് 250- 300 ലിറ്റര്‍ മണ്ണെണ്ണ തന്നിടത്ത് ഇന്ന് 50 ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് സബ്സിഡിയായി ലഭിക്കുന്നത്. പിന്നെ മറ്റൊരു പ്രശ്നം റെഡി ക്യാഷ് കൊടുത്ത് മണ്ണെണ്ണ വാങ്ങണം സബ്സിഡി ബാങ്കുകളിലേക്ക് പിന്നീട് വരികയാണ് ചെയ്യുക. എന്നാല്‍ ഇത് തന്നെ മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ലഭിക്കുകയുള്ളു. ബൈജു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ട്രോളിംഗ് നിരോധനം കഴിയുന്നതോടെ ബോട്ടുകള്‍ കടലില്‍ പോകും ഇതോടെ പരമ്പരാഗത മത്സ്യതൊഴിലാളികളാണ് വീണ്ടും കഷ്ടത്തിലാവുന്നത്. കാരണം കേരളത്തിന്റെ തീരദേശങ്ങളില്‍ മീന്‍ ഓരോ വര്‍ഷവും കുറയുകയാണ്. ബോട്ടുള്ളവര്‍ സമയമെടുത്ത് മറ്റ് സംസ്ഥാനങ്ങളുടെ തീരത്തടക്കം ചെന്ന് മീന്‍ പിടിക്കുമ്പോള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് അധികം ദൂരം പോകാന്‍ കഴിയില്ല. ഒരു ദിവസം കടലില്‍ പോകാന്‍ 25000 രൂപയുടെ അടുത്താണ് സാധാ വള്ളങ്ങളുടെ ചിലവ്. നാല് ദിവസം പോയി വരുമ്പോഴേക്ക് അത് ഒരുലക്ഷം രൂപയാവും. മീന്‍ ലഭിക്കാതെ ആയാല്‍ ആ വള്ളത്തില്‍ പോയ കുടുംബങ്ങള്‍ എല്ലാം പിന്നെ പട്ടിണിയാണ്. ബൈജു പറഞ്ഞു.
ട്രോളിംഗ് നിരോധന സമയത്ത് മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത് കൊണ്ട് ഒന്നുമാവില്ല. കാരണം 52 ദിവസമാണ് ട്രോളിംഗ് നിരോധനം എന്നാല്‍ കാലാവസ്ഥയുടെ ഇപ്പോഴത്തെ രീതി വെച്ച് അതില്‍ അധികം ദിവസം തത്വത്തില്‍ ട്രോളിംഗ് നിരോധനം പോലെ തന്നെയാണ്. അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.മത്സ്യതൊഴിലാളികളുടെ വയറ്റത്ത് അടിച്ച് വന്‍കിട ബോട്ട് മുതലാളിമാരെ സഹായിക്കുന്ന് രീതിയാണ് സര്‍ക്കാരിന്റെതെന്നും ബൈജു ആരോപിക്കുന്നുണ്ട്.
മത്സ്യതൊഴിലാളികള്‍ക്ക് മീന്‍ പിടിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടൂണ്ട്. എന്നാല്‍ ആര്‍ക്കും നിലവില്‍ ലൈസന്‍സ് നല്‍കുന്നില്ല. ഇത് പാവപ്പെട്ട മത്സ്യതൊഴിലാളികളെ ദുരിതത്തിലാക്കാനാണ്. കുത്തക മുതലാളിമാരോ വലിയ ബോട്ടുകളോ അടികടലടക്കം വലിച്ച് കൊണ്ട് വരുന്നത് സര്‍ക്കാറിന് പ്രശ്നമല്ല. സാധാ തൊഴിലാളികള്‍ കടലില്‍ പോകുന്നതാണ് പ്രശ്നം എന്നാണ് ബേപ്പുര്‍ ഹാര്‍ബറിലെ മത്സ്യതൊഴിലാളിയായ ദിനേശന്‍ പറയുന്നത്.
ക്ഷേമപദ്ധതികളുമായി സര്‍ക്കാര്‍
മത്സ്യതൊഴിലാളികള്‍ക്ക് വിവിധ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം മത്സ്യതൊഴിലാളി ക്ഷേമനിധിയാണ്.
1980 ലെ കേരള മത്സ്യതൊഴിലാളി ക്ഷേമസംഘം ആക്റ്റ്, 1985 ലെ കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ആക്റ്റ് , 1986 ലെ കേരള മത്സ്യതൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണ് കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതും. രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സ്യ മേഖലയിലെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നത്.മത്സ്യ ബന്ധനത്തില്‍ നേരിട്ട് ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ ആണ് ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.1999 ഏപ്രില്‍ മുതല്‍ മത്സ്യബന്ധന അനുബന്ധ (വിപണനം,സംസ്‌ക്കരണം)തൊഴിലാളികള്‍ക്ക് കൂടി ക്ഷേമപദ്ധതി നിലവില്‍ വന്നിട്ടുണ്ട്.ഇതാണ് രണ്ടാം വിഭാഗം
1. മത്സ്യതൊഴിലാളി ക്ഷേമ പദ്ധതി
എ. അംഗത്വം
ഉപജീവനത്തിനുള്ള മുഖ്യ തൊഴിലായി മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് മത്സ്യതൊഴിലാളികളായി കണക്കാക്കുന്നത്.മരിച്ചു പോകുന്ന മത്സ്യതൊഴിലാളികളുടെ ഭാര്യമാരെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ഉണ്ട്.മത്സ്യഗ്രാമം തിരിച്ചുള്ള മത്സ്യതൊഴിലാളി പട്ടികയുടെ കരട് എല്ലാ വര്‍ഷവും സെപ്തംബര്‍ 1 തിയ്യതി ഫിഷറീസ് ഓഫീസര്‍മാര്‍ പ്രസിദ്ധപ്പെടുത്തുന്നു.പട്ടിക സംബന്ധിച്ച് ഏതെങ്കിലും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ആയത് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളില്‍ ഫിഷറീസ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.
ആഗസ്റ്റ്,സെപ്തംബര്‍,ഒക്ടോബര്‍ മാസങ്ങള്‍ ഒഴികെ ഏതൊരു പ്രവര്‍ത്തി ദിവസവും മത്സ്യ തൊഴിലാളി പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഫിഷറീസ് ഓഫിസേര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.എന്നാല്‍ ഓരോ വര്‍ഷവും സെപ്തംബര്‍ മാസം 1 തിയ്യതിയാണ് പട്ടികയുടെ കരടുരൂപം പ്രസിദ്ധീകരിക്കുകയുള്ളൂ.
ബി.വിഹിതം
1)മത്സ്യ ബോര്‍ഡിലേക്കുള്ള തൊഴിലാളി വിഹിതം കൃത്യമായി അടക്കുന്നവര്‍ക്ക് മാത്രമാണ് പദ്ധതി ആനുകൂല്യങ്ങള്‍ നല്‍കുന്നത്.പ്രതിവര്‍ഷം 50 രൂപയാണ് വിഹിതം.ഇത് എല്ലാ വര്‍ഷവും അടച്ച് പാസ്സ് ബുക്കില്‍ രേഖപ്പെടുത്തണം.കുടിശിക വരുത്തിയാല്‍ പിഴ സംഖ്യ കൂടി അടക്കണമെന്ന് മാത്രമല്ല പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും.
2) മത്സ്യ തൊഴിലാളി ക്ഷേമ നിധിയിലേക്ക് പ്രതിമാസം ബോട്ട് ഉടമകള്‍ 150 രൂപ മുതല്‍ 1250 രൂപ വരെയും വള്ളം ഉടമകള്‍ 5 രൂപ മുതല്‍ 35 രൂപ വീതവും വല ഉടമകള്‍ 5 രൂപ വീതവും അടക്കേണ്ടതാണ്.
എന്നാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ആണ് ഇത്തരം ആനൂകൂല്യങ്ങള്‍. ഇതൊരു വ്യവസായമായി വളര്‍ന്നപ്പോള്‍ തൊഴിലുകളും അനുബന്ധ തൊഴില്‍ മേഖലകളും ഉണ്ടായി അത് കൊണ്ട് തന്നെ പണിയില്ലാത്ത കാലത്ത് മത്സ്യതൊഴിലാളികളെ പോലെ തന്നെ അനുബന്ധ തൊഴിലാളികളും അനുഭവിക്കുന്നുണ്ടെന്നാണ് ബേപ്പൂര്‍ സ്വദേശിയായ പ്രനീഷ് പറയുന്നത്.
“മത്സ്യതൊഴിലാളികള്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ രൂപികരിച്ചിട്ടുണ്ട് എന്നാല്‍ അനുബന്ധ തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ക്ഷേമനിധിയില്‍ മാസം 250 രൂപ വീതം ആറുമാസം നിക്ഷേപിച്ചാല്‍ ട്രോളിംഗ് നിരോധന സമയത്ത് 1200 ആയി മുന്ന് ഗഡുക്കള്‍ ലഭിക്കും. പക്ഷേ ഇത് വരുന്നത് മിക്കവാറും തൊഴിലില്ലാത്ത കാലം ഒക്കെ കഴിഞ്ഞിട്ടായിരിക്കും റേഷന്‍ ആനുകൂല്യം പോലും ഈ സമയത്ത് അനുബന്ധ തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. പ്രനീഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മത്സ്യതൊഴിലാളികള്‍ക്ക് സംവരണം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തീരദേശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും തീരദേശ പൊലീസിലെങ്കിലും മത്സ്യബന്ധന മേഖലയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തണമെന്നാണ് കൊയിലാണ്ടിയിലെ മത്സ്യതൊഴിലാളി സി.ഐ.ടി.യു പ്രവര്‍ത്തകനായ അശോകന്‍ പറയുന്നത്.
ഓഖിയാണെങ്കിലും മറ്റെന്താണെങ്കിലും മത്സ്യതൊഴിലിനെ കുറിച്ചും കടലിനെ കുറിച്ചും അറിയുന്നവര്‍ ഈ മേഖലയില്‍ വന്നാല്‍ മാത്രമേ ഞങ്ങളുടെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കാനും അത് മനസ്സിലാക്കാനും കഴിയുകയുള്ളു. അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ദ്രോഹമായി മാറുന്ന മാധ്യമവാര്‍ത്തകള്‍
മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പുറത്തെത്തിക്കാനും ചര്‍ച്ചയാക്കാനും മാധ്യമവാര്‍ത്തകള്‍ സഹായിക്കാറുണ്ടെങ്കിലും പലപ്പോഴും അത് സഹായത്തിനേക്കാള്‍ ദ്രോഹങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് മത്സ്യതൊഴിലാളിയും കൊയിലാണ്ടി സ്വദേശിയുമായ അശോകന്‍ പറയുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന് മത്സ്യങ്ങളുടെ വാര്‍ത്ത ഇത്തരത്തില്‍ ഒന്നായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.
വലിയ ബോട്ടുകളും മറ്റും ദിവസങ്ങളോളം കടലില്‍ പോയി അടിയടക്കം ഊറ്റിയെടുക്കുന്നതോടെ പൊതുവേ സാധാമത്സ്യ തൊഴിലാളികള്‍ക്ക് മീനില്ലാതാവും. പിന്നെ ഏങ്ങിനെയെങ്കിലും മീന്‍ പിടിച്ച് കൊണ്ട് വരുമ്പോഴാണ്. ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. വലിയ ബോട്ടുകള്‍ മീന്‍ കേടാവാതിരിക്കാന്‍ ഇത്തരം രാസവസ്തുക്കള്‍ ചേര്‍ത്ത് അത് മറ്റ് സംസ്ഥാനങ്ങളിലേക്കും മറ്റും അയക്കുകയാണ് ചെയ്യുന്നത്. സാധാ തൊഴിലാളികള്‍ പിടിച്ച് കൊണ്ട് വരുന്ന മീനുകള്‍ കരയില്‍ എത്തിയാല്‍ അപ്പോള്‍ തന്നെ വില്‍പ്പന നടത്തും. എന്നാല്‍ മീനില്‍ മായമുണ്ട് എന്ന് വാര്‍ത്തകള്‍ വരുന്നതോടെ ബോട്ടുകളെ ബാധിക്കുന്നതിനെക്കാള്‍ സാധാതൊഴിലാളികളെ ആണ് ഇത് ബാധിച്ചത്. അശോകന്‍ പറയുന്നു.
പരമ്പരാഗതമായി മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകരെ വാര്‍ത്ത പുറത്ത് വന്നതോടെ കാര്യമായി തന്നെ ബാധിച്ചിരുന്നു. പരമ്പരാഗത വള്ളങ്ങള്‍ മത്സ്യങ്ങള്‍ പിടിച്ച് വിപണിയിലെത്തിക്കുന്ന മീനുകള്‍ക്ക് വില രണ്ടിരട്ടിയായി ആണ് കുറഞ്ഞത്. ട്രോളിംഗ് നിരോധന സമയത്ത് ആകെ കിട്ടുന്ന മീനുകള്‍ക്ക് കൂടി വിലയില്ലാതാവുന്നത് ചെറിയ രീതിയിലല്ല തൊഴിലാളികളെ ബാധിച്ചത്. മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പുറത്ത് വന്നതോടെ മത്സ്യ ഉപഭോക്താക്കള്‍ മീന്‍ വാങ്ങുന്നത് കുറച്ചു.
ഇത്തരത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന വ്യവസായമായി മത്സ്യബന്ധനമേഖല മാറിയെങ്കിലും തൊഴിലാളികള്‍ ഇന്നും കഷ്ടത്തിലാണെന്നതാണ് സത്യം. ട്രോളിംഗ് നിരോധനവും വലിയകപ്പലുകളുടെയും ബോട്ടുകളുടെയും മത്സ്യബന്ധന രീതികളും ലാഭം വര്‍ധിപ്പിക്കാനായി ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികളും സാധാ മത്സ്യതൊഴിലാളികളെയാണ് ബാധിക്കുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും വ്യവസായമേഖലയിലുണ്ടാകുന്ന വളര്‍ച്ചയോ നേട്ടങ്ങളോ സാധാ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.