national news
'അഞ്ച് ശതമാനമെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ'; കോടതിമുറ്റത്ത് വെച്ച് സാമ്പത്തിക തകര്‍ച്ച ഓര്‍മ്മിപ്പിച്ച് 'കൈ ഉയര്‍ത്തി' പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 03, 12:52 pm
Tuesday, 3rd September 2019, 6:22 pm

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ സെപ്റ്റംബര്‍ അഞ്ച് വരെ തന്റെ കസ്റ്റഡി കാലാവധി നീട്ടിയതില്‍ ആദ്യ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടിയുള്ള പ്രതികരണമായിരുന്നു കോടതിയില്‍ നിന്നിറങ്ങവേ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം നടത്തിയത്.

തന്നോട് കസ്റ്റഡി കാലാവധി നീട്ടിയതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കൈയിലെ അഞ്ച് വിരലുകള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു ചിദംബരം. ജി.ഡി.പിയിലെ അഞ്ച് ശതമാനത്തിന്റെ കേവല വളര്‍ച്ച ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

‘അഞ്ച് ശതമാനം. അഞ്ച് ശതമാനമെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ എന്നായിരുന്നു ഇതോടൊപ്പം അദ്ദേഹം ചോദിച്ചത്. ദല്‍ഹിയിലെ സി.ബി.ഐ കോടതിയില്‍ നിന്നിറങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഏപ്രില്‍ – ജൂണ്‍ കാലത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്. വളര്‍ച്ചാ നിരക്ക് പുറത്തുവന്നതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അതിനിടെ 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു വിപണി കൂപ്പുകുത്തുന്നെന്ന വാര്‍ത്തകളും പുറത്തുവന്നുകഴിഞ്ഞു. ചെറുകിട ഉത്പാദന മേഖലയും പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നെന്ന സൂചനകള്‍ വ്യക്തമാക്കി ഓഹരിവിപണിയും കൂപ്പുകുത്തുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എൗസ് ആന്റ് പി ,ബി.എസ്.ഇ സെന്‍സെക്‌സും എന്‍.എസ്.ഇ നിഫ്റ്റി 50 സൂചികകളും കുത്തനെ താഴ്ന്നു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും യു.എസ്-ചൈന വ്യാപാരബന്ധം വഷളായതും വിപണിയെ ബാധിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.