ഇവരാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
national news
ഇവരാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th August 2018, 10:08 pm

പൂനെ പൊലീസിന്റെ വിവിധ സംഘങ്ങള്‍ രാജ്യത്ത് പല ഭാഗങ്ങളിലായി ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. വരവര റാവു, സുധ ഭരദ്വാജ്, വെര്‍നോണ്‍ ഗോണ്‍സാല്‍വേസ്, അരുണ്‍ ഫെറീറ, ഗൗതം നവ്‌ലഖ എന്നിവരെ ജനുവരിയില്‍ പൂനെയിലുണ്ടായ ഭീമ കോറേഗാവ് സംഭവവുമായി ബന്ധപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണം ഇവരുടെ പ്രസംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.

വരവര റാവു

 

കവിയും എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവര റാവുവിനെ ഹൈദരബാദിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു പൂനെ പൊലീസിന്റെ അറസ്റ്റ്.

വിപ്ലവ കവിയും തെലങ്കാനയിലെ പ്രമുഖ മാര്‍ക്‌സിസ്റ്റ് എഴുത്തുകാരനുമായ റാവു 1970ല്‍ ആന്ധ്രപ്രദേശില്‍ രൂപീകരിച്ച “വിപ്ലവ രചയിതല സംഘം” (Revolutionary Writers” Association) സ്ഥാപക നേതാവ് കൂടിയാണ്.

റാവുവിനെ ഇതാദ്യമായല്ല സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നത്. 1973ല്‍ ആന്ധ്ര സര്‍ക്കാരാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ആദ്യം ഉത്തരവിടുന്നത്. എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മിസ (Maintenance and Internal Security Act) നിയമപ്രകാരവും അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്.

മാല്‍ക്കംഗിരിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയതിന് 2016ലും റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

സുധ ഭരദ്വാജ്

അഭിഭാഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ സുധാ ഭരദ്വാജിനെ 153 (എ), ഐ.പിസി-505, 117, 120 വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫരീദാബാദിലെ സൂരജ്കുണ്ഡ് സ്റ്റേഷനിലേക്കാണ് അവരെ കൊണ്ടുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുപ്പതു വര്‍ഷത്തോളമായി ഛത്തീസ്ഗഢില്‍ പ്രവര്‍ത്തിക്കുന്ന സുധ ഭരദ്വാജ് പി.യു.സി.എല്ലിന്റെ (People”s Union for Civil Liberties) ദേശീയ സെക്രട്ടറിയാണ്. 2007 മുതല്‍ ഛത്തീസ്ഗഢ് ഹൈക്കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന സുധ സംസ്ഥാനത്തെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെയും ആദിവാസി-ദളിത് വിഷയങ്ങളിലും നിയമപോരാട്ടം നടത്തുന്നയാളാണ്. ദല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സ്റ്റിയിലെ വിസിറ്റിങ് പ്രൊഫസറുമാണ് സുധ ഭരദ്വാജ്.

വെര്‍ണോന്‍ ഗോണ്‍സാല്‍വേസ്, അരുണ്‍ ഫെരീറ

മുംബൈയില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകരാണ് വെര്‍ണോന്‍ ഗോണ്‍സാല്‍വേസും അരുണ്‍ ഫെരീറയും. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഫെരീറയെ താനെയിലുള്ള വസതിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അരുണ്‍ ഫെരീറയെ 2007ല്‍ നാഗ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും പത്തോശം യു.എ.പി.എ കേസുകള്‍ ചുമത്തി തടവിലിടുകയും ചെയ്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അദ്ദേഹത്തെ പിന്നീട് വിട്ടയക്കുകയായിരുന്നു.

മാവോയിസ്റ്റ് മുന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗവും മഹാരാഷ്ട്ര സ്റ്റേറ്റ് രാജ്യ കമ്മിറ്റി സെക്രട്ടറിയുമെന്ന് സുരക്ഷാ ഏജന്‍സികള്‍ വിശേഷിപ്പിക്കുന്ന വെര്‍ണോന്‍ ഗോണ്‍സാല്‍വേസ് 2007 മുതല്‍ 2013 വരെ ജയിലിലായിരുന്നു. കോളേജ് പ്രൊഫസറായിരുന്ന വെര്‍ണോനിനെ യു.എ.പി.എ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. അന്ന് ഇരുപതോളം കേസുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 17 കേസുകള്‍ കോടതി തള്ളിക്കളഞ്ഞിരുന്നു.

വീണ്ടും കേസുകള്‍ ചുമത്തി ഗോണ്‍സാല്‍വേസിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുന്നതായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അവസരത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

ഗൗതം നവ്‌ലഖ

 

മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്‌ലഖ് പി.യു.സി.എല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഛത്തീസ്ഗഢിലെയും കശ്മീരിലെയും മനുഷ്യാവകാശ ലംഘന പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുള്ള നവ്‌ലഖ് ഇ.പി.ഡബ്ല്യു (Economic and Political Weekly) അടക്കമുള്ളവയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിരോധം, അന്താരാഷ്ട്ര കാര്യം എന്നീ വിഷയങ്ങളില്‍ നവ്‌ലഖ Newsclick ല്‍ ലേഖനം എഴുതിയിരുന്നു. റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഗൗതം എഴുതിയ ലേഖനങ്ങളുടെ പേരില്‍ റിലയന്‍സ് ഗ്രൂപ്പ് ന്യൂസ്‌ക്ലിക്കിനെതിരെ നോട്ടീസയച്ചിരുന്നു.

ഇത് അടിന്തരാവസ്ഥ പ്രഖ്യാപനത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന അവസ്ഥ: സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ അരുന്ധതി റോയ്