കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ലാഭ വർധനവ്; പ്രവർത്തന ലാഭം 4.6 ശതമാനമായി ഉയർന്നു
Kerala
കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ലാഭ വർധനവ്; പ്രവർത്തന ലാഭം 4.6 ശതമാനമായി ഉയർന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2024, 10:20 am

തൃശൂർ: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ലാഭ വര്‍ധനവ്. വകുപ്പുതല റിപ്പോര്‍ട്ട് പ്രകാരം 4.6 ശതമാനം പ്രവര്‍ത്തന ലാഭം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഉണ്ടായെന്നാണ് പറയുന്നത്. ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍.

ജൂലായ് മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമുള്ള വര്‍ധനവാണിത്. ടിക്കറ്റിന് പുറമെയുള്ള വരുമാനം കൂടി നോക്കുകയാണെങ്കില്‍ ലാഭത്തിന്റെ ശതമാനം കൂടും.

ദക്ഷിണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ലാഭമുള്ളത്. 7.6 ശതമാനം ആണ് ദക്ഷിണ മേഖലയിയില്‍ നിന്നും ലഭിച്ച വരുമാനം. ഉത്തരമേഖലയില്‍ 2.7 ശതമാനം മധ്യമേഖലയില്‍ 2.6 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ 70 യൂണിറ്റുകള്‍ ലാഭത്തിലും 23 യൂണിറ്റുകള്‍ നഷ്ടത്തിലുമാണുള്ളത്. കണക്കുകള്‍ പ്രകാരം 19 യൂണിറ്റുകളാണ് നഷ്ടത്തില്‍ നിന്നും കരകയറി ലാഭത്തിലെത്തിയത്.

പ്രവര്‍ത്തനം മികച്ചതാക്കി ലാഭത്തില്‍ എത്തിയത് 18 യൂണിറ്റുകളാണ്. ലാഭത്തില്‍ ഉണ്ടായിരുന്ന ചെങ്ങന്നൂര്‍ യൂണിറ്റ് നഷ്ടത്തിലേക്ക് പോയപ്പോള്‍ കൊടുങ്ങല്ലൂര്‍ യൂണിറ്റ് കഴിഞ്ഞ മാസത്തേക്കാള്‍ പ്രവര്‍ത്തന നഷ്ടം കൂടിയവയുടെ പട്ടികയില്‍ ഇടം പിടിച്ചു.

പൂവാര്‍ (0.3), വെള്ളറട(0.6), കാട്ടാകട (0.8), കണിയാപുരം (0.5), പത്തനംതിട്ട (1.0), സിറ്റി (0.8) എന്നീ യൂണിറ്റുകളുടെ പ്രവര്‍ത്തനലാഭമാണ് കുറഞ്ഞത്.

ചാലക്കുടി, പൊന്നാനി, മാവേലിക്കര, ചിറ്റൂര്‍, എറണാകുളം, തൊട്ടിന്‍പാലം, വടക്കാഞ്ചേരി, കൂത്താട്ടുകുളം, തിരുവനന്തപുരം സെന്‍ട്രല്‍, ആലപ്പുഴ, കോട്ടയം, കായംകുളം, മുല്ലപ്പള്ളി, റാന്നി, വൈക്കം, ചങ്ങനാശ്ശേരി, താമരശേരി, കാസര്‍ഗോഡ് എന്നീ യൂണിറ്റുകളാണ് ലാഭത്തിലായത്.

 

Content Highlight:  4.6 Percent Profit increase at KSRTC depots As per Departmental Report