മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ചത് 36 പേര്‍. 1000ത്തിലേറെ പേര്‍ പ്രദേശത്ത് ഒറ്റപ്പെട്ടു.
മൂന്ന് ഇടങ്ങളിലായി നടന്ന മണ്ണിടിച്ചിലില്‍ 36 പേരാണ് മരിച്ചത്. മണ്ണിടിച്ചില്‍ നടന്ന ഒരു സ്ഥലത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങളും മറ്റു സ്ഥലങ്ങളില്‍ നിന്നുമായി നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധയിടങ്ങളിലായി ഒറ്റപ്പെട്ടവരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. രക്ഷാദൗത്യം പുരോഗമിക്കുന്നതായും റായ്ഗഡ് ജില്ലാ ഭരണകൂടം അറിയിച്ചു.
കോലാപൂരില്‍ ബസ് പുഴയിലേക്ക് ഒഴുകി പോയി. ബസിലുണ്ടായിരുന്ന 11 യാത്രക്കാരെ രക്ഷിച്ചു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരോട് വീടിന്റെ മുകളിലോ മറ്റു ഉയരമുള്ള പ്രദേശങ്ങളിലോ നിലയുറപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. രക്ഷാ ദൗത്യത്തിന് ആര്‍മി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ സഹായം തേടിയതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. വെള്ളപ്പൊക്ക അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാവിക സേനയുടെ രണ്ട് രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങള്‍, രണ്ട് തീര സംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് ടീം തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.