[] ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ മേധാവി രഞ്ജിത് സിന്‍ഹക്കെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് സുപ്രീംകോടതി.
ആരോപണങ്ങളില്‍ വിശദീകരണമാവശ്യപ്പെട്ട് രഞ്ജിത് സിന്‍ഹയ്ക്ക് കോടതി നോട്ടീസ് അയച്ചു. 2ജി കേസില്‍ ആരോപണ വിധേയരായവുമായി രഞ്ജിത് സിന്‍ഹ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.
കേസില്‍ നടപടികള്‍ നേരിടുന്ന റിലയന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥരുമായി രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ സി.ബി.ഐ ഡയറക്ടറെ കേസ് അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
റിലയന്‍സ് ഉദ്യോഗസ്ഥരുമായി രഞ്ജിത് സിന്‍ഹ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അമ്പതിലധികം തവണ കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.