ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ രണ്ടാം സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. മത്സരം ഇന്ന് (ബുധന്‍) ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കും. ഇതില്‍ വിജയിക്കുന്ന ടീം മാര്‍ച്ച് ഒമ്പതിന് ദുബായിയില്‍ ഇന്ത്യയെ നേരിടും.
രണ്ടാം സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് ന്യൂസിലാന്‍ഡ് ടീമിന്റെ ബൗളിങ് യൂണിറ്റ് അതിശക്തവും അച്ചടക്കമുള്ളതുമാണെന്ന് അഭിപ്രായപെടുകയാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംമ്പ ബാവുമ. മധ്യ ഓവറുകളില്‍ കളി വരുതിയിലാക്കാന്‍ കഴിവുള്ള ബൗളര്‍മാര്‍ അവര്‍ക്കുണ്ടെങ്കിലും സൗത്ത് ആഫ്രിക്ക മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ന്യൂസിലാന്‍ഡ് ബൗളിങ് അതിശക്തവും അച്ചടക്കമുള്ളതുമാണ്. അവരുടെ ബൗളര്‍മാര്‍ പുതിയ പന്ത് ഉപയോഗിക്കുമ്പോള്‍ നമുക്ക് അധികം സ്‌കോര്‍ ചെയ്യാനുള്ള അവസരം നല്‍കില്ല. ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ നിങ്ങള്‍ എടുക്കുന്ന ഓരോ ഷോട്ടും നിര്‍ണായകമാണ്.
മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാനും ബാറ്റര്‍മാരെ തെറ്റുകള്‍ വരുത്താന്‍ നിര്‍ബന്ധിക്കാനും കഴിവുള്ള ബൗളര്‍മാര്‍ അവര്‍ക്കുണ്ട്. എന്നാലും അവര്‍ക്കെതിരെ ഞങ്ങള്‍ മികച്ച രീതില്‍ പെര്‍ഫോം ചെയ്യും,’ ബാവുമ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ സൗത്ത് ആഫ്രിക്കയുടെ ബൗളിങ് യൂണിറ്റില്‍ പൂര്‍ണമായി ആത്മവിശ്വാസമുണ്ടെന്ന് ബാവുമ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലാന്‍ഡിനെതിരെ കളിച്ചതിലൂടെ അവരെ കുറിച്ച് ധാരണ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങളുടെ ബൗളിങ്ങിലും പൂര്‍ണ ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ മത്സരം മികച്ച അനുഭവമായിരിക്കും. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന് കരുതുന്നു.
ഞങ്ങള്‍ക്ക് ത്രിരാഷ്ട്ര പരമ്പരയിലെ മത്സരത്തിലൂടെ ന്യൂസിലാന്‍ഡ് ടീമിനെ കുറിച്ച് ധാരണ ലഭിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരു ടീമിലും മാറ്റങ്ങളുണ്ട്. എന്നാലും അവര്‍ നാളെ പുറത്തെടുക്കുന്ന പ്രകടനം അന്നത്തെ മത്സരത്തില്‍ നിന്ന് ഒരുപാട് വ്യത്യസ്തമാകുമെന്ന് ഞാന്‍ കരുതുന്നില്ല,’ ബാവുമ പറഞ്ഞു.
സെമി ഫൈനല്‍ എതിരാളികളെ അറിയാന്‍ ദുബായിലേക്ക് സഞ്ചരിക്കേണ്ടി വന്നതിനെ കുറിച്ചും ബാവുമ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുമ്പ് സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും ദുബായിലേക്ക് സഞ്ചരിച്ചിരുന്നു.
മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ സൗത്ത് ആഫ്രിക്കയ്ക്ക് രണ്ടാം സെമി ഫൈനല്‍ മത്സരത്തിനായി പാകിസ്ഥാനിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയിലെ മത്സരങ്ങള്‍ കുറച്ച് കൂടെ കാര്യക്ഷമമായി ക്രമീകരിക്കാമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോട്ടിയാസ് താരങ്ങള്‍ ദുബായിയില്‍ ലഭിച്ച സമയം പരമാവധി പ്രയോജനപ്പെടുത്തിയെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
‘മത്സരക്രമം കുറച്ചുകൂടെ കാര്യക്ഷമമായി ക്രമീകരിക്കാമായിരുന്നു. താരങ്ങള്‍ക്ക് ദുബായിയില്‍ ലഭിച്ച സമയം നന്നായി ആസ്വദിച്ചു. ചില താരങ്ങള്‍ ഗോള്‍ഫ് കളിക്കാനും കാഴ്ചകള്‍ കാണാനുമാണ് ഉപയോഗിച്ചത്. മറ്റു ചിലര്‍ പരിക്കുകളില്‍ നിന്ന് സുഖം പ്രാപിക്കാനുമാണ് ഈ സമയം ചെലവഴിച്ചത്. അവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി,’ക്യാപ്റ്റന്‍ പറഞ്ഞു.
Content Highlight: 2025 ICC Champions Trophy Temba Bavuma Talking About Semi Final Match Against New Zealand