മുംബൈ: മഹാരാഷ്ട്രയില്‍ 250 ഓളം നായ്ക്കുട്ടികളെ എറഞ്ഞുകൊന്ന സംഭവത്തില്‍ രണ്ട് കുരങ്ങന്മാരെ നാഗ്പൂര്‍ വനംവകുപ്പ് സംഘം പിടികൂടി.
ശനിയാഴ്ചയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട കുരങ്ങുകളിലെ രണ്ട് കുരങ്ങുകളെ പിടികൂടിയത്. ബീഡ് ഫോറസ്റ്റ് ഓഫീസര്‍ സച്ചിന്‍ കാന്തിനെ ഉദ്ധരിച്ച് എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് കുരങ്ങുകളെയും ബീഡില്‍ നിന്ന് നാഗ്പൂരിലേക്ക് മാറ്റുമെന്നും തുടര്‍ന്ന് അടുത്തുള്ള വനത്തിലേക്ക് വിടുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിക്കുരങ്ങനെ കൊന്ന നായ്ക്കളോടുള്ള പ്രതികാരമായിട്ടാണ് കുരങ്ങന്‍കൂട്ടം നായക്കുട്ടികളെ കൊന്നത്. മഹാരാഷ്ട്രയിലെ മജലഗോണ്‍ എന്ന സ്ഥലത്താണ് മൃഗങ്ങളുടെ ‘പ്രതികാരം’ നടക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 250 നായ്ക്കുട്ടികളെയാണ് കുരങ്ങന്മാര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നത്.
ഏതാനും നായ്ക്കള്‍ ചേര്‍ന്ന് ഒരു കുരങ്ങന്റെ കുഞ്ഞിനെ കൊന്നിരുന്നു. അതിന്റെ പ്രതികാരമായാണ് നായ്ക്കുട്ടികളുടെ കൊലപാതക പരമ്പര നടക്കുന്നത്.
നായ്ക്കുട്ടികളെ കാണുമ്പോള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് ചെയ്യുന്നത്.
മജലഗോണില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലാവോല്‍ എന്ന ഗ്രാമത്തില്‍ ഒറ്റ നായ്ക്കുട്ടികളും അവശേഷിക്കുന്നില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.