Advertisement
national news
വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെ ട്രക്ക് കയറി; 18 പേര്‍ മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 28, 03:13 am
Wednesday, 28th July 2021, 8:43 am

ലഖ്‌നൗ: വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലാണ് സംഭവമുണ്ടായത്.

നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. രാവിലെ ഈ വഴി അമിതവേഗത്തിലെത്തിയ ട്രക്ക് ഇവര്‍ക്ക് മുകളിലൂടെ കയറിപ്പോകുകയായിരുന്നു.

മരിച്ചവര്‍ ബീഹാര്‍ സ്വദേശികളാണെന്നാണ് നിഗമനം. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങി.

ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിപ്പോയി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 18 Sleeping On Road Dead As Truck Hits Bus In Uttar Pradesh’s Barabanki