national news
ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ടു; ലോക്‌സഭ പിരിച്ചുവിട്ടു
ന്യൂദല്‍ഹി: 16-ാം ലോക്‌സഭ പിരിച്ചുവിടാനുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ ലോക്‌സഭ പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശപ്രകാരമാണിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് ഇന്നലെച്ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലോക്‌സഭ പിരിച്ചുവിടാനുള്ള പ്രമേയം പാസ്സായിരുന്നു. അതിലാണിപ്പോള്‍ രാഷ്ട്രപതി ഒപ്പിട്ടത്.
ഇനി ഔദ്യോഗിക വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചതിനുശേഷം 17-ാം ലോക്സഭ രൂപീകരിക്കും. മെയ് 30-നാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കമില്ലാത്തതിനാല്‍ വലിയ മാറ്റങ്ങളില്ലാത്ത മന്ത്രിസഭയാകും രൂപീകരിക്കുക.
എന്നാല്‍ മന്ത്രിസഭയിലെ രണ്ടാമനായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അധ്യക്ഷസ്ഥാനം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ ഏല്‍പ്പിച്ചശേഷമാകും ഇതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നാളെച്ചേരുന്ന എന്‍.ഡി.എ യോഗത്തിലാണ് മോദിയെ ഔദ്യോഗികമായി തങ്ങളുടെ നേതാവായി മുന്നണി പ്രഖ്യാപിക്കുക. തുടര്‍ന്ന് രാഷ്ട്രപതി അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കും.
മെയ് 23-നു ഫലം പ്രഖ്യാപിച്ചപ്പോള്‍ ആധികാരികമായ വിജയമാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ നേടിയത്. 303 സീറ്റ് ബി.ജെ.പിക്കു മാത്രമായി ലഭിച്ചു. കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ 22 സീറ്റ് അധികമാണിത്. അതേസമയം എന്‍.ഡി.എയ്ക്ക് 352 സീറ്റ് ലഭിച്ചു. ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പരാജയപ്പെട്ടതും ബി.ജെ.പിക്ക് നേട്ടമായി.
രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കാനിരിക്കെ, താന്‍ മോശം ഉദ്ദേശ്യത്തോടെ ഒന്നും ചെയ്യില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായി നരേന്ദ്ര മോദി നേരത്തേ പറഞ്ഞിരുന്നു. ‘നമ്മള്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരികെയെത്തിയിരിക്കുന്നു. നമ്മളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണിത് വ്യക്തമാക്കുന്നത്. ഞങ്ങളില്‍ നിന്ന് നിങ്ങള്‍ എന്തു പ്രതീക്ഷിക്കുന്നുവോ അത് ഞങ്ങള്‍ ചെയ്യുമെന്ന് ഞാന്‍ ഉറപ്പു തരുന്നു. എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ ശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നു, ഞാനിത് പറയുന്നത് പൊതു വേദിയിലാണ്. വരാനുള്ള ദിവസങ്ങളില്‍ മോശം ചിന്തയോടെയോ ഉദ്ദേശ്യത്തോടെയോ ഒന്നും തന്നെ ചെയ്യില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. തെറ്റുകളുണ്ടാവാം, എന്നാല്‍ മോശം ഉദ്ദേശ്യത്തോടെ ഒന്നും തന്നെ ചെയ്യില്ല.’- പാര്‍ട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.