തിരുവനന്തപുരം: കോഴിക്കോട് എടച്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തി 27ാം ദിവസം. 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന നിര്‍ദേശത്തിന് വെല്ലുവിളിയാണ് ഈ സംഭവം.
കൊവിഡ് ബാധിത പ്രദേശത്തു നിന്ന് എത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കണമെന്നായിരുന്നു ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ച നിര്‍ദേശം. അതേസമയം കേരളം 28 ദിവസത്തെ ക്വാറന്റൈന്‍ ആണ് പാലിച്ച് പോരുന്നത്. ഇത് ശരിവെക്കുന്ന രീതിയിലാണ് എടച്ചേരി സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണം.
ദുബായിലായിരുന്ന രോഗബാധിതന്‍ സഹോദരനൊപ്പം മാര്‍ച്ച് 18നാണ് നാട്ടില്‍ എത്തുന്നത്. രോഗിയുടെ അച്ഛനാണ് ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 35കാരനായ ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.
ഇയാളുടെ സഹോദരിയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെയും സമാന രീതിയില്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 40 കാരന് 26 ദിവസത്തിന് ശേഷമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം പാലക്കാട് സ്വദേശിക്ക് 23 ദിവസത്തിന് ശേഷവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഭൂരിപക്ഷം പേര്‍ക്കും 14 ദിവസത്തിനുള്ളില്‍ തന്നെ കൊവിഡ് സ്ഥിരീകരിക്കും. അതേസമയം ആരോഗ്യമുള്ള വ്യക്തിയില്‍ ചിലപ്പോള്‍ കൊവിഡ് പെട്ടെന്ന് പ്രകടമാരാന്‍ സാധ്യത കുറവാണെന്ന് ആരോഗ്യ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം കൊവിഡ് വൈറസിന്റെ ഇന്ക്യുബേഷന്‍ കാലയളവ് സംബന്ധിച്ച് വ്യക്തമായ കണക്ക് ഇപ്പോഴും പറയാറായിട്ടില്ലെന്ന് കമ്മ്യൂണിറ്റി മെഡിസന്‍ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.