കെയ്റോ: ഗസയിലെ ഫലസ്തീനികള്‍ക്കായുള്ള പോരാട്ടത്തിനിടയിലും ഈജിപ്തില്‍ അറസ്റ്റിലായത് 125 പൗരന്മാര്‍. മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഗസയിലെ ഇസ്രഈല്‍ വംശഹത്യക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. മനുഷ്യാവകാശ സംഘടനയായ ഈജിപ്ഷ്യന്‍ ഫ്രണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അല്‍-മനസ്സ വെബ്‌സൈറ്റ് കാര്‍ട്ടൂണിസ്റ്റായ അഷ്റഫ് ഒമര്‍, അറബിക് പോസ്റ്റ് വെബ്‌സൈറ്റിലെ ഖാലിദ് മംദൂഹ്, അഖ്ബര്‍ എല്‍-യോം ന്യൂസ് വെബ്സൈറ്റിലെ റമദാന്‍ ജുവൈദയെയുമാണ് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍. യഹ്യ ഹുസൈന്‍ അബ്ദുല്‍ ഹാദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ഈജിപ്ഷ്യന്‍ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്.
ജൂലൈയില്‍ മാത്രമായി അറസ്റ്റ് ചെയ്യപ്പെട്ട പലസ്തീന്‍ അനുകൂലികളുടെ കണക്കാണ് ഈജിപ്ഷ്യന്‍ ഫ്രണ്ട് പുറത്തുവിട്ടത്. ഡസന്‍ കണക്കിന് പൗരന്മാരെയാണ് സര്‍ക്കാര്‍ ഒറ്റയടിക്ക് ലക്ഷ്യം വെച്ചതെന്ന് കണക്കുകള്‍ പുറത്തുവിട്ടതിന് പിന്നാലെ ഈജിപ്ഷ്യന്‍ ഫ്രണ്ട് പ്രതികരിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കപ്പെട്ടവര്‍ക്കെതിരെ സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും സംഘടന പറയുന്നു.
ഈജിപ്ഷ്യന്‍ കമ്മീഷന്‍ ഫോര്‍ റൈറ്റ്സ് ആന്റ് ഫ്രീഡംസ് റിപ്പോര്‍ട്ട് പ്രകാരം കെയ്റോ, ഗിസ, അലക്സാണ്ട്രിയ, ഖലിയൂബിയ, ദകഹ്‌ലിയ, ചെങ്കടല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ അറസ്റ്റും രേഖപ്പെടുത്തിയിരിക്കുന്നത്. ഫലസ്തീന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ തുടക്കത്തില്‍ ഈ പ്രദേശങ്ങളില്‍ നിന്ന് 120 പേരാണ് അറസ്റ്റിലായത്. തുടര്‍ന്ന് 30 പേരെ സര്‍ക്കാര്‍ വിട്ടയക്കുകയും ചെയ്തു.
17 പേരെ പ്രാഥമിക അന്വേഷണം പോലുമില്ലാതെ വിട്ടയച്ചു. അറസ്റ്റിലായ 67 പേര്‍ ഇപ്പോഴും തടവില്‍ കഴിയുകയാണ്. ആറ് പേരെ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം നാടുകടത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒക്ടോബര്‍ 9 മുതല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നടപടികള്‍ മാസംതോറും വര്‍ധിക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് പിന്നാലെ രാജ്യത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ഉയരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഗസയിലെ അതിക്രമങ്ങളില്‍ ഇസ്രഈലിനെതിരെ നിലപാട് സ്വീകരിക്കുന്ന രാജ്യം കൂടിയാണ് ഈജിപ്ത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ശനിയാഴ്ച ഉച്ചയോടെ ഗസയിലെ വെടിനിര്‍ത്താലിനായി ഇസ്രഈല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെയും രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെയും തലവന്മാര്‍ ഈജിപ്തില്‍ എത്തിയതായി ഇസ്രഈലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
Content Highlight: 125 Palestinian supporters were arrested in Egypt in July alone