രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുന്നു; ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും
national news
രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുന്നു; ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 5:30 pm

ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. ആഗോളതലത്തില്‍ സ്വാധീനമുള്ള വലിയ ബാങ്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇവയെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കുന്നതോടെ എസ്.ബി.ഐയ്ക്ക് പിന്നില്‍ പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും. കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്കുകളെ പരസ്പരം ലയിപ്പിക്കും. രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ആന്ധ്രാബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും പരസ്പരം ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യന്‍ ബാങ്കിനെ അലഹബാദ് ബാങ്കില്‍ ലയിപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി. പരസ്പരം ലയിപ്പിക്കുന്നതോടെ ഏഴാമത്തെ വലിയ ബാങ്കായി ഇത് മാറും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.

നേരത്തെ എസ്.ബി.ഐയില്‍ അസോസിയേറ്റഡ് ബാങ്കുകളെ ലയിപ്പിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയില്‍ ദേനാബാങ്കിനെയും വിജയാബാങ്കിനെയും ലയിപ്പിച്ചു.

രാജ്യത്തെ വായ്പ ലഭ്യത കൂട്ടാനുളള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചു. എട്ട് പൊതുമേഖല ബാങ്കുകളുടെ വായ്പാ പലിശ നിരക്കുകളെ റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുകളോട് ബന്ധിപ്പിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതോടെ ബാങ്ക് വായ്പകളുടെ പലിശ നിര്‍ണയം സുതാര്യമാകും.

250 കോടിക്ക് മുകളിലുളള വായ്പകള്‍ സ്‌പെഷ്യലൈസിഡ് ഏജന്‍സികള്‍ നിരീക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ പ്രതിസന്ധിയില്‍ നിന്ന് മുക്തമാക്കാന്‍ ബാങ്കുകളുമായി ചേര്‍ന്ന് പ്രത്യേക പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ നാല് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധി സ്വയം പരിഹരിച്ചതായും നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടു.