കോട്ട: രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം നൂറായി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഒന്‍പത് കുഞ്ഞുങ്ങള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ നൂറിലെത്തിയത്.
കുട്ടികള്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ജെ.കെ.ലോണ്‍ ആശുപത്രിയിലാണ് ഒരു മാസത്തിനുള്ളില്‍ ഇത്രയേറെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്. ഡിസംബര്‍ 23, 24 തിയതികളിലായി പത്ത് കുഞ്ഞുങ്ങള്‍ മരിക്കാനിടയായത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ സംഭവം അന്വേഷിക്കുന്നതിന് വേണ്ടി കമ്മിറ്റി രൂപീകരിച്ചിരുന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചകളും സംഭവിച്ചിട്ടെല്ലെന്നുള്ള റിപ്പോര്‍ട്ട് വന്ന് ഒരു ദിവസത്തിനുള്ളിലാണ് ഒന്‍പത് കുഞ്ഞുങ്ങള്‍ കൂടി മരണപ്പെട്ട വാര്‍ത്ത പുറത്തു വന്നത്.
ജനനസമയത്തെ ഭാരക്കുറവാണ് കുഞ്ഞുങ്ങളുടെ മരണത്തിനുള്ള പ്രധാന കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
കുഞ്ഞുങ്ങളുടെ മരണത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്.
ആശുപത്രി സന്ദര്‍ശിച്ച ബി.ജെ.പി പാര്‍ലമെന്റ് കമ്മിറ്റി ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതായി അറിയിച്ചു. ആശുപത്രിയില്‍ ആവശ്യത്തിന് നഴ്‌സുമാരില്ലെന്നും കട്ടിലുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്നും പറഞ്ഞു. ഒരു കട്ടിലില്‍ രണ്ടോ മൂന്നോ കുട്ടികളാണ് കിടക്കുന്നതെന്ന് പാര്‍ലമെന്റ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ആശുപത്രി വളപ്പില്‍ പന്നിക്കൂട്ടങ്ങള്‍ അലഞ്ഞുതിരിയുന്ന അവസ്ഥയിലാണ് സ്ഥിതിഗതികളെന്ന് കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ പ്രിയങ്ക കനൂന്‍ഗോ പറഞ്ഞിരുന്നു. ആശുപത്രിയില്‍ കുട്ടികള്‍ക്ക് ആവശ്യമായിരുന്ന എല്ലാ ചികിത്സയും കൃത്യമായി നല്‍കിയിരുന്നെന്നായിരുന്നു രാജസ്ഥാന്‍ സര്‍ക്കാരിന്റെ വാദം.