അഹ്മദ്‌നഗര്‍: മഹാരാഷ്ട്ര അഹ്മദ്‌നഗറിലെ ആശുപത്രിയിലെ ഐ.സി.യുവിലുണ്ടായ തീപിടിത്തത്തില്‍ 10 രോഗികള്‍ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
സിവില്‍ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ ഒരു രോഗിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. 17 രോഗികളായിരുന്നു ആകെ വാര്‍ഡില്‍ ഉണ്ടായിരുന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
ബാക്കിയുള്ള രോഗികളെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്‌ലെ അറിയിച്ചു. ആശുപത്രിയിലെ തീ അണച്ചിട്ടുണ്ടെന്നും എന്നാല്‍ തീപിടിത്തത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന സൂചനയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി പുതുതായി നിര്‍മിച്ചതായിരുന്നു ഐ.സി.യു എന്നും ഈ സാഹചര്യത്തില്‍ തീപിടിത്തം ഗൗരവമേറിയ പ്രശ്‌നമാണെന്നും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പറഞ്ഞു.