Advertisement
Kerala News
അണികളെ പഠിപ്പിക്കുന്ന കമ്യൂണിസ്റ്റ് മൂല്യബോധം നേതാക്കളും പാലിക്കണം; ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പിയെ തള്ളി സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 26, 07:42 am
Friday, 26th April 2024, 1:12 pm

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടിക്കാഴ്ച ഒഴിവാക്കാമായിരുന്നെന്നും കമ്യൂണിസ്റ്റ് മൂല്യബോധം എല്ലാവര്‍ക്കും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് മൂല്യബോധം എല്ലാവരും അണികളെ പഠിപ്പിക്കാന്‍ നോക്കാറുണ്ട്. ആ മൂല്യം പാലിക്കാന്‍ ആരേക്കാളും ബാധ്യത നേതാക്കള്‍ക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ പെട്ട് പോവരുത്.

കൂടിക്കാഴ്ചയെ പറ്റി കൂടുതല്‍ ഒന്നും തനിക്ക് അറിയില്ലെന്നും എന്ത് തന്നെയാണെങ്കിലും അത് ഒഴിവാക്കാമായിരുന്നെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. എല്ലാവരുമായും നല്ലൊരു സുഹൃത്ബന്ധം സൂക്ഷിക്കുന്ന ആളാണ് ഇ.പി. ജയരാജനെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹം ജാ​ഗ്രത കാണിക്കണമായിരുന്നെന്നും പറഞ്ഞിരുന്നു.

‘ഇ.പി. ജയരാജന്റെ പ്രകൃതം എല്ലാവർക്കും അറിയാം. അദ്ദേഹം എല്ലാവരോടും നല്ല സുഹൃത്ബന്ധം സൂക്ഷിക്കുന്ന ആളാണ്. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. കൂട്ടുകെട്ട് ഉണ്ടാക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. ചിലർ ഉറങ്ങി എഴുന്നേൽക്കുന്നത് തന്നെ ഇന്ന് ആരെ വഞ്ചിക്കുമെന്ന് ആലോചിച്ചാണ്. അത്തരം ആളുകളുമായി അതിര് കവിഞ്ഞ സ്‌നേഹബന്ധം ഉണ്ടാക്കുന്നത് ഉപേക്ഷിക്കണം,’ പിണറായി വിജയൻ പറഞ്ഞു. ഇ.പി. ജയരാജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത പാലിക്കാറില്ലെന്ന് നേരത്തെ അനുഭവമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlight: CPI against EP jayarajan meeting with Javadekar